pump

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ അയൽരാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്. അതിർത്തിഗ്രാമത്തിലുളളവരാണ് ഇന്ധനം വാങ്ങാൻ കൂടുതലും നേപ്പാളിലേക്ക് പോകുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതും ഇവർക്ക് സഹായമാകുന്നുണ്ട്. ഭാരിതർവ, ബസന്ത്പുർ, സെമർവാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും അതിർത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നത്.

ആദ്യം സ്വന്തം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാണ് ജനങ്ങൾ അതിർത്തി കടന്നതെങ്കിൽ ഇപ്പോൾ അതിന്റെ രൂപവും ഭാവവും മാറി. വൻ മാഫിയാ ബിസിനസായി ഇത് മാറിയിരിക്കുകയാണ്. ബൈക്കുകളിലും സൈക്കിളുകളിലും മറ്റ് ചെറുവാഹനങ്ങളിലും കന്നാസുകളുമായി പോയാണ് ഇവർ ഇന്ധനം ശേഖരിക്കുന്നത്. അത് അതിർത്തി കടത്തി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. വൻ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും കിട്ടുന്നതിനാൽ ഇവരിൽ നിന്ന് ഇന്ധനം വാങ്ങാൻ വൻ തിരക്കാണ്.

കടത്തുകാരിൽ നിന്ന് ആളുകൾ ഇന്ധനം വാങ്ങാൻ തുടങ്ങിയതോടെ പമ്പുകളിൽ വിൽപ്പന വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതോടെ പമ്പുകാർ തന്നെ ജില്ലാ ഭരണകൂടത്തിന് പരാതിനൽകി. ഇതോടെ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടത്തുകാരെ പിടികൂടാൻ പെട്രാേളിംഗ് ശക്തമാക്കിയിട്ടുണ്ട്.ചിലർ പിടിയിലായതായും സൂചനയുണ്ട്.