
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാൻ നടൻ രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. കഴിഞ്ഞ ദിവസമാണ് പിഷാരടി രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തത്. കോൺഗ്രസിലെ യുവനേതാക്കളായ പി സി വിഷ്‌ണുനാഥ്, വി ഡി സതീശൻ, ഹൈബി ഈഡൻ എന്നിവർ ഇടപെട്ടാണ് പിഷാരടിയെ കോൺഗ്രസ് വേദിയിൽ എത്തിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരത്തിന് താത്പര്യമില്ല. എന്നാൽ പാർട്ടിയ്‌ക്ക് വേണ്ടി സജീവമായി പ്രചാരണത്തിന് ഇറങ്ങാൻ അദ്ദേഹത്തിന് ആലോചനയുണ്ട്. അതേസമയം, പിഷാരടിയെ നിർബന്ധിച്ച് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ആലോചിക്കുന്നത്. മുൻ മന്ത്രി കെ ബാബു എം സ്വരാജിനോട് പരാജയപ്പെട്ട മണ്ഡലമാണ് തൂപ്പൂണിത്തുറ.
അതേസമയം, വൈപ്പിനിലും ബാലുശേരിയിലും സജീവമായി പരിഗണിച്ചിരുന്ന ധർമ്മജൻ ബോൾഗാട്ടിയുടെ പേര് ഇപ്പോൾ കുന്നത്തുനാട്ടിലേക്കും പരിഗണിക്കുന്നുണ്ട്. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ജസ്റ്റിസ് കെമാൽ പാഷയും കോൺഗ്രസിന്റെ പരിഗണനാ പട്ടികയിലുണ്ട്. തൃക്കാക്കരയിലേക്കും കളമശേരിയിലേക്കുമാണ് കെമാൽ പാഷയുടെ പേര് ഉയരുന്നത്. എന്നാൽ, കളമശേരി തങ്ങളുടെ സിറ്റിംഗ് സീറ്റായതിനാൽ മണ്ഡലം വിട്ടുകൊടുക്കാൻ ലീഗ് തയ്യാറായേക്കില്ല.