
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. അജ്‌നാസ് എന്നയാളെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. പെരുമുണ്ടശ്ശേരിയിൽ വച്ച് വോളിബോൾ കളി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.
നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത ഇന്നോവ കാറിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജ്‌നാസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് മോചിപ്പിക്കുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും, മോചനത്തിനായി പണം നൽകിയിട്ടില്ലെന്നും അഹമ്മദ് വ്യക്തമാക്കിയിരുന്നു.