val

സമയം പ്രതികൂലമാകുമ്പോൾ നല്ല വാക്കുകൾ ചെവിക്കൊള്ളില്ല. ഉപദേശിക്കുന്നവരെ ശത്രുസ്ഥാനത്ത് കാണും. മരണമടുക്കാ

റാകുമ്പോൾ സിദ്ധൗഷധം പോലും നിഷ്ഫലമാകും. മാരീചൻ രാമന്റെ മഹിമയും ശക്തിയും സത്യസന്ധമായി പറഞ്ഞിട്ടും രാവണന്റെ മനസിന് ഒരു മാറ്റവും ഉണ്ടായില്ല. ഉത്തമബന്ധുവെന്ന നിലയ്‌ക്ക് നല്ലതിനായി പറഞ്ഞതൊക്കെയും പൊല്ലാപ്പായാണ് രാവണന് തോന്നിയത്. നീരസത്തോടും കോപത്തോടും പറയാൻ പാടില്ലാത്തത് വിളിച്ചു പറയാനും രാവണൻ മടിച്ചില്ല.

അല്ലയോ മാരീച! എന്തൊക്കെയാണ് നീ പുലമ്പുന്നത്. ഇതൊക്കെ നേരം കൊല്ലാനേ കൊള്ളവൂ. നനവില്ലാത്ത മണ്ണിൽ വിത്തുവിതയ്‌ക്കും പോലെയാണ് നിന്റെ പാഴ് വാക്കുകൾ. കേവലം ഒരു മനുഷ്യനും മഹാപാപിയുമായ രാമനോട് ഞാൻ യുദ്ധം ചെയ്യുമെന്ന് നീ കരുതിയോ? കേവലമൊരു പെണ്ണിന്റെ വാക്കുകൾകേട്ട് സ്വന്തം രാജ്യത്തെയും മാതാപിതാക്കളെയും ഉപേക്ഷിച്ചുപോന്നവനല്ലേ രാമൻ. രാമനോട് തന്ത്രപരമായി എതിരിടുകയാണ് എന്റെ ലക്ഷ്യം. ഖരാദികളെ നിഗ്രഹിച്ച ശൂർപ്പണഖയോട് അതിക്രമം കാട്ടിയ രാമനോട് പകരം വീട്ടണം. അതിന് അങ്ങയുടെ സഹായത്തോടെ രാമൻ പ്രാണനെപ്പോലെ സ്നേഹിക്കുന്ന സീതയെ അപഹരിക്കണം. അതാണെന്റെ നിശ്ചയം. അതിനെ മാറ്റുവാൻ ദേവേന്ദ്രനോ രാക്ഷസവംശത്തിനോ കഴിയില്ല. എന്തു നേരിടേണ്ടിവന്നാലും ഞാനതിൽ നിന്ന് പിന്മാറില്ല. നന്മയോ തിന്മയോ സംഭവിക്കട്ടെ. അതേപ്പറ്റി ഞാൻ ചോദിച്ചില്ലല്ലോ. പിന്നെന്തിന് അക്കാര്യത്തിൽ അഭിപ്രായം പറയണം. ഞാൻ അസുര രാജാവാണെന്നത് മറക്കരുത്. രാജാവ് ഒരുകാര്യം ചോദിച്ചാൽ വിനീതവിധേയനായി വേണം മറുപടി പറയാൻ.

നല്ലവനായ ഒരു മന്ത്രിയോ ബന്ധുവോ രാജാവിന് ഹിതകരമായ സ്വരത്തിലും ശൈലിയിലും ബഹുമാനത്തോടെ വേണം സംസാരിക്കാൻ. എല്ലാമറിയാവുന്ന മട്ടിൽ അഹന്തയോടെ ഹിതകരമായ കാര്യമാണെങ്കിൽ കൂടി പറഞ്ഞാൽ രാജാക്കന്മാർ അത് മാനിക്കുകയില്ല. ഒരു ചക്രവർത്തി അമിത തേജസ്വിയാണ്. അഞ്ച് ദേവന്മാരുടെ തേജസ് അദ്ദേഹത്തിൽ അടങ്ങിയിട്ടുണ്ടാകും. അഗ്നി, ഇന്ദ്രൻ, ചന്ദ്രൻ, വരുണൻ, അന്തകൻ എന്നീ ദേവന്മാരുടെ തേജസിന്റെ സമന്വയം. ചക്രവർത്തി പ്രതാപം, പരാക്രമം, ശാന്തഭാവം, പ്രസാദം, ദണ്ഡം എന്നിവ ധരിച്ചിട്ടുണ്ടാവുമെന്ന് അറിയാമല്ലോ. രാജാവ് പൂജാർഹനാണ്. ആദരിക്കേണ്ടവനാണ്. അത് മറന്നിട്ടാണേ പരുഷമായ വാക്കുകൾ ജല്പിക്കുന്നത്. നന്മയേത് തിന്മയേത് എന്നല്ല ഞാൻ ചോദിച്ചത്. ഒരുകാര്യമേ ആവശ്യപ്പെട്ടുള്ളൂ. അതിൽ സഹായിക്കണം. അത് എന്താണെന്ന് ഒരിക്കൽകൂടി പറയാം. രാവണൻ തന്റെ മനസിലിരിപ്പ് വെളിപ്പെടുത്തി. അങ്ങ് വെള്ളിപ്പുള്ളകളാർന്ന ഒരു പൊന്മാനായി തീരുക. ആശ്രമസമീപത്ത് സീതയെ ആകർഷിക്കത്തക്ക രീതിയിൽ കളിയാടുക. അത് കണ്ട് സീത ഭ്രമിക്കും. അതു സ്വന്തമാക്കണമെന്നും ആഗ്രഹിക്കും. അതിനെപിടിച്ചു തരാൻ ആവശ്യപ്പെടും. അതുകേട്ട് രാമൻ അങ്ങയെ പിന്തുടരും. ആശ്രമത്തിൽ നിന്ന് രാമൻ അകലെയെത്തുമ്പോൾ ഹാ ലക്ഷ്‌മണാ, ഹാ സീതേ എന്നിങ്ങനെ രാമന്റെ ശബ്ദത്തിൽ വിലപിക്കണം. അതു കേൾക്കുമ്പോൾ സീതയുടെ നിർദ്ദേശപ്രകാരം ലക്ഷ്‌മണനും പുറത്തേക്ക് പോകും. അങ്ങനെ സീത ആശ്രമത്തിൽ തനിച്ചാകും. ആ അവസരത്തിൽ ഞാൻ സീതയെ അപഹരിക്കാം. അങ്ങ് ഒരു മായാമൃഗമായി സീതയെ ഭ്രമിപ്പിച്ചാൽ മതി. ഈ കാര്യം വെറുതെ വേണ്ട. നമ്മുടെ മഹാരാജ്യത്തിന്റെ പകുതി അങ്ങേയ്‌ക്ക് തരാം. ഒട്ടും താമസിക്കേണ്ട. അങ്ങയുടെ പിറകെ തേരിൽ ഞാൻ ദണ്ഡകവനത്തിലേക്ക് വരാം. യുദ്ധമൊന്നും കൂടാതെ തന്ത്രത്തിൽ സീതയെ അപഹരിച്ച് ലങ്കയിലെത്തിക്കൊള്ളാം.

ആജ്ഞയുടെയും വിനയത്തിന്റെയും വാഗ്ദാനത്തിന്റെയും സ്വരത്തിലായിരുന്നു രാവണന്റെ വാക്കുകൾ. തന്റെ വാക്കുകൾ ധിക്കരിച്ചാലുള്ള ഭവിഷ്യത്തും രാവണൻ ഓർമ്മിപ്പിക്കുന്നുണ്ട്. അല്ലയോ മാരീച എന്നെ അനുസരിച്ചില്ലെങ്കിൽ അങ്ങയുടെ ആയുസ് തീർന്നു എന്ന് കരുതുക. വിഷമമുള്ള കാര്യമാണെങ്കിലും അത് അനുസരിക്കേണ്ടത് ഒരു പ്രജയുടെ കടമയാണ്. എന്റെ ആജ്ഞ അനുസരിച്ചാൽ സന്തോഷപൂർവം ജീവിക്കാം. അല്ലെങ്കിൽ മരണം സുനിശ്ചിതം. എന്തുവേണമെന്ന് ബുദ്ധിയുള്ള അങ്ങ് തീരുമാനിക്കുക.

രാവണന്റെ വാക്കുകളിലെ വികാരഭാവങ്ങൾ മാരീചൻ സൂക്ഷ്‌മമായി ശ്രദ്ധിച്ചു.

(ഫോൺ: 9946108220)