
മൊഹാലി: അപകടത്തിൽ മരിച്ച ആളുടെ മൃതദേഹവും വഹിച്ച് അമിതവേഗത്തിൽ പത്തുകിലോമീറ്ററോളം പാഞ്ഞ കാർ പൊലീസ് പിടികൂടി. കാർ ഓടിച്ച യുവാവിനെയും അറസ്റ്റുചെയ്തു. പഞ്ചാബിലെ മൊഹാലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നിർമ്മൽ സിംഗ് എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു.
35കാരനായ ദുരീന്ദർ മണ്ഡാലാണ് കൊല്ലപ്പെട്ടത്. മൊഹാലിയിലെ എയ്റോസിറ്റിയിലെ സി ബ്ളാേക്കിന് സമീപത്തുവച്ച് നിർമ്മൽ സിംഗ് ഓടിച്ച കാർ ദുരീന്ദർ സഞ്ചരിച്ച സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകളിലേക്ക് തെറിച്ചുവീണ ദുരീന്ദർ തൽക്ഷണം മരിച്ചു. അപകടം സംഭവിച്ചതിനുശേഷം കാർ അമിതവേഗത്തിൽ നിറുത്താതെ ഓടിച്ചുപോവുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സി സി ടി വിദൃശ്യങ്ങളുടെ സഹായത്താേടെ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. അപകടത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൃതദേഹം മുകളിലുണ്ടെന്ന് അറിയാതെയാണ് ഇത്രയും ദൂരം കാർ ഓടിച്ചതെന്നാണ് നിർമ്മൽ സിംഹ് പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.