
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുന്ന സീറ്റുകളിലായിരിക്കും മത്സരിക്കുകയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടിയുടെ ഏകദിന സംസ്ഥാന പഠനശിബിരത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ഹെൽമെറ്റ് തുഷാർ പ്രകാശനം ചെയ്തു.
പാർട്ടി മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ ലിസ്റ്റ് എൻ.ഡി.എയ്ക്ക് നൽകി കഴിഞ്ഞു. കൂടിയാലോചനകളിലൂടെ അന്തിമ തീരുമാനമുണ്ടാകും. തെറ്റായ സന്ദേശമുണ്ടാകുമെന്നതിനാലാണ് തനിക്ക് വാഗ്ദാനം ചെയ്ത പദവികൾ ഏറ്റെടുക്കാതിരുന്നതെന്ന് തുഷാർ പറഞ്ഞു. പദവിക്കു വേണ്ടിയല്ല പാർട്ടിയുണ്ടാക്കിയത്. അടുത്ത ദിവസങ്ങളിൽ ബി.ഡി.ജെ.എസിന് അർഹമായ സ്ഥാനങ്ങൾ നൽകികൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ തവണ ആലപ്പുഴ ജില്ലയിൽ മത്സരിച്ച അരൂർ, ചേർത്തല, കുട്ടനാട്, കായംകുളം മണ്ഡലങ്ങൾക്ക് പുറമേ ഹരിപ്പാട്ടും ഇത്തവണ മത്സരിക്കും.
എൻജിനിയറിംഗ് കോളേജിലെ തട്ടിപ്പും മൈക്രോഫിനാൻസിലെ അഴിമതിയും പുറത്തുവന്നതോടെയാണ് സുഭാഷ് വാസുവിനെ പുറത്താക്കിയത്. മൈക്രോ ഫിനാൻസിലെ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ മഹേശന്റെ പങ്കും വെളിച്ചത്തായി. പൊലീസ് ചോദ്യംചെയ്തതോടെ പിടികൊടുക്കില്ലെന്ന് ഡയറിയിൽ എഴുതി വച്ചായിരുന്നു ആത്മഹത്യ. യു.ഡി.എഫിനൊപ്പം ചേരണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ചിലർ കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസിൽ നിന്ന് വിട്ടുപോയത്. നയവ്യത്യാസമുള്ള പാർട്ടിയോട് എങ്ങനെ യോജിക്കാൻ കഴിയുമെന്ന ചോദ്യമാണ് അന്ന് പാർട്ടിയിലെ ഭൂരിഭാഗവും ഉയർത്തിയതെന്നും തുഷാർ പറഞ്ഞു.