
കുടുംബശ്രീയോഗങ്ങളിലെ വെളിച്ചമാണ് രമ. നന്നായി സംസാരിക്കും. പുത്തനാശയങ്ങൾ അവതരിപ്പിക്കും. അനുഭവങ്ങളുടെ കരുത്ത് ആ വാക്കുകളിലുണ്ടാകും. സ്വന്തം ജീവിതാനുഭവങ്ങൾ അവയിലെ കയ്പും മധുരവും ആരെയും പ്രതിപ്പട്ടികയിൽ പെടുത്താതെ അവതരിപ്പിക്കാൻ സമർത്ഥയാണ്. കുടുംബശ്രീയിലെ അംഗങ്ങൾക്കിടയിലെ ഒരു കൗൺസലർ കൂടിയാണ് രമ. കീറാമുട്ടികളായ പലപ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം നിർദ്ദേശിക്കും. ചിലരുടെ ജീവിതകഥകൾ നിറം ചേർക്കാതെയും വെള്ളം ചേർക്കാതെയും അവതരിപ്പിക്കും. വാദിയും പ്രതിയും വില്ലനുമൊക്കെ തിരിച്ചറിയപ്പെടാതെ അവതരിപ്പിക്കാനുള്ള സാമർത്ഥ്യംകൂടെയുള്ളവർക്കെല്ലാം അറിയാം.
ഒരേ മുറ്റത്ത് വളരുന്ന സഹോദരങ്ങൾ. ഒരേ പായയിൽ കിടന്നവർ. അരേ പാത്രത്തിൽ കഴിച്ചവർ. ഒരേ ഊഞ്ഞാലിലാടിയവർ. അവരുടെ സ്നേഹത്തിന്റെ അതിർത്തി ഏതുവരെ. എവിടെവച്ചാണ് അത് പൊട്ടിത്തകരുന്നത്? എവിടെവച്ചാണ് അതിൽ മാലിന്യവും വിഷവും കലരുന്നത്? അല്ലെങ്കിൽ കലർത്തുന്നത്?
പേരും സ്ഥലവും മാറ്റി ഒരു യോഗത്തിൽ രമ പറഞ്ഞത് ആ  പഞ്ചായത്തിൽ തന്നെ നടന്ന സംഭവമായിരുന്നു. രമണിയും ഭർത്താവ് രാജനും സഹോദരസ്നേഹം അല്പം കൂടുതലാണ്. രാജന്റെ സഹോദരിയുടെ മകൾ മീരയ്ക്ക് വേണ്ടിയായിരുന്നു അവരുടെ ജീവിതം. കാരണം വിവാഹം കഴിഞ്ഞ പത്തുവർഷം കഴിഞ്ഞിട്ടും അവർക്ക് മക്കളുണ്ടായില്ല. തങ്ങൾക്കുള്ളതെല്ലാം മീരയ്ക്ക് തന്നെ എന്ന് പറയുമായിരുന്നു. പഴയകുടുംബവീട് ഏതാണ്ട്  ജീർണിച്ച നിലയിൽ. ആർക്കും അതിൽ നോട്ടമുണ്ടായിരുന്നില്ല. പക്ഷേ വീട് പുതുക്കി ആകർഷകമാക്കിയപ്പോൾ പലരും കണ്ണുവച്ചു. മീരയ്ക്ക് നല്ല വിവാഹബന്ധം കിട്ടണം... അതിനു വേണ്ടിയായിരുന്നു ബാങ്ക് വായ്പയെടുത്ത് വീട് മോടിപിടിപ്പിച്ചത്. നല്ല കല്യാണാലോചന വന്നപ്പോൾ രാജനും ഭാര്യയും മുന്നിട്ടുനിന്നുതന്നെ ഉറപ്പിച്ചു. വീട് എഴുതികൊടുക്കണം. മീര പൊന്നുപോലെ നോക്കിക്കൊള്ളും എന്നൊക്കെ സഹോദരിയും ഭർത്താവും പറഞ്ഞെങ്കിലും രാജൻ കാലശേഷം എന്ന് മാത്രമേ എഴുതിവയ്ക്കൂ എന്ന നിലപാടിൽ ഉറച്ചുനിന്നു. ചെക്ക് നൽകിയാണ് ജുവലറിയിൽ നിന്ന് സ്വർണമെടുത്തത്. ബാങ്ക് വായ്പകിട്ടുമ്പോൾ പണം നൽകാമെന്ന രാജന്റെ വാക്കുകളിൽ ജൂവലറിക്കാർക്കും വിശ്വാസമായിരുന്നു. മൂന്നാഴ്ചകഴിഞ്ഞ് ബാങ്ക് വായ്പകിട്ടിയപ്പോൾ അഞ്ചുലക്ഷം രൂപ മീരയുടെ അച്ഛനെ രാജൻ ഏല്പിച്ചു. ജൂവലറിയിൽ കൊടുക്കാൻ. മീരയെ സ്വന്തം മകളെപ്പോലെ രാജൻ സ്നേഹിച്ചു. തിരിച്ചും അങ്ങനെതന്നെയായിരുന്നു. കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. ജുവലറിക്കാർ അയച്ച വക്കീൽനോട്ടീസ്. പലിശസഹിതം പത്ത്ലക്ഷം രൂപ അടയ്ക്കണം. സഹോദരീഭർത്താവും മറ്റും ചേർന്ന് ഒരുക്കിയ കെണിയായിരുന്നു അത്. സത്യമറിയാവുന്ന പലരും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. എല്ലാമറിയാവുന്ന മീരയെങ്കിലും പ്രതികരിക്കുമെന്ന രാജന്റെ ധാരണയും തെറ്റി. വണ്ടിച്ചെക്ക് നൽകിയതിന് ആറുമാസത്തെ തടവുശിക്ഷ. അല്ലെങ്കിൽ പത്തുലക്ഷം രൂപ നൽകണം. സ്വന്തമായി  മക്കളൊന്നും ഇല്ലല്ലോ. വീട് ആർക്കെങ്കിലും വിറ്റെങ്കിലും തുക നൽകട്ടെ. അതല്ലെങ്കിൽ ആറുമാസം അകത്ത് കിടക്കട്ടെ. ഭാര്യ സമ്മതിച്ചാൽ രാജൻ അതിനും തയ്യാർ. സ്നേഹവും വിശ്വാസവുമെല്ലാം പൊട്ടിത്തകർന്ന സ്ഥിതിയ്ക്ക് വീടും ജയിലും തമ്മിൽ എന്തു വ്യത്യാസം?
കണ്ണിന്റെ വില അറിയാൻ വേണ്ടി മാത്രം കണ്ണ് നഷ്ടപ്പെടുത്തരുത്. കണ്ണുപോലെ വിലപ്പെട്ടതാണ് രേഖകളും ശ്രദ്ധയും. അതുനഷ്ടപ്പെടുത്താതെ സമയാസമയം ചെയ്യേണ്ടതുചെയ്യണം. എങ്കിലേ ബന്ധങ്ങളും നിലനിൽക്കൂ. രമയുടെ വാക്കുകൾ കേട്ട് ചില അംഗങ്ങൾ നെടുവീർപ്പിട്ടു.
(ഫോൺ : 9946108220)