
കൊല്ലം: ഇ എം സി സി അഴിമതി ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളതീരത്ത് അമേരിക്കൻ കമ്പനി ഇ എം സി സിക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന് ചെന്നിത്തല ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ചെന്നിത്തലയുടെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചു. ഇതിനു പിന്നാലെയാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ പോയത് യു എൻ ചർച്ചയ്‌ക്കാണെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ മന്ത്രി തങ്ങളുമായി 2018ൽ ചർച്ച നടത്തിയെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇനിയും ഒളിച്ചു കളിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് മേഴ്‌സിക്കുട്ടിയമ്മയോട് പറയാൻ ആഗ്രഹിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഇ പി ജയരാജനും അഴിമതിയിൽ പങ്കുണ്ട്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയർമാനായി പോകുന്നത് എന്തിനാണെന്ന് ഞങ്ങളൊക്കെ വിചാരിച്ചിരുന്നു. ഇപ്പോഴാണ് മനസിലായത് പോയതിന്റെ ഉദ്ദേശ്യമെന്താണെന്ന്. 5,000 കോടിരൂപയുടെ നിക്ഷേപം കേരളത്തിൽ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ആത്യന്തികഫലം എന്താകുമെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇ എം സി സി. കമ്പനിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംസ്ഥാനത്തെ ഫിഷറീസ് നയം തിരുത്തുകയായിരുന്നു. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ട്രോളറുകൾ നിർമ്മിക്കാനുളള കരാറിൽ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. കളളത്തരം കയ്യോടെ പിടിച്ചപ്പോൾ തന്റെ മനോനില നഷ്‌ടപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. തന്റെ മനോനിലയ്‌ക്ക് ഒരു കുഴപ്പവുമില്ല. സാധാരണ, മനോനില നഷ്‌ടപ്പെട്ടവരാണ് മറ്റുളളവർക്ക് മനോനില നഷ്‌ടപ്പെട്ടുവെന്ന് പറയാറുളളതെന്നും ചെന്നിത്തല തിരിച്ചടിച്ചു.
സത്യം പുറത്തു വരുമെന്ന് ഇവരാരും കരുതിയില്ല. 5000 കോടിയുടെ നിക്ഷേപം നടത്താൻ വേണ്ടി ധാരണാപത്രം ഒപ്പിട്ടു. ചേർത്തല പളളിപ്പുറത്ത് ഇ എം സി സിക്ക് നാലേക്കർ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചു. വ്യവസായ വകുപ്പുമന്ത്രിയും ഇതിനകത്തെ പ്രതിയാണ്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.