pinarayi-vijayan

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാരിനോട് സി പി എം നിർദേശം. ചർച്ച നടത്താൻ സർക്കാർ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയുടെ പുതിയ നീക്കം. സർക്കാർ ഇതുവരെ കൈകൊണ്ടിട്ടുളള നടപടികൾ ഉദ്യോഗാർത്ഥികളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സാദ്ധ്യമായതെല്ലാം ചെയ്‌തുവെന്നും ഇനിയൊരു ചർച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി പി എം നിർദ്ദേശം പുറത്തുവരുന്നത്. കേന്ദ്രത്തിലെ കർഷക സമരവുമായി ഉദ്യോഗാർത്ഥികളുടെ സമരത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത് കരുതലോടെ വേണം കാണേണ്ടതെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം.

പാർട്ടി നിർദ്ദേശത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർ‌ക്കാരാണ്. മന്ത്രിതല ചർച്ചയിൽ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്. സർക്കാർ തീരുമാനത്തെ ഉദ്യോഗാർത്ഥികൾ സ്വാഗതം ചെയ്‌തിട്ടുണ്ട്.