
ച്യവനപ്രാശം ഫ്ലേവറിലുള്ള ഐസ്ക്രീം, ഇറച്ചിയുടെ ഫ്ളേവറിലുള്ള ഐസ്ക്രീം തുടങ്ങി വ്യത്യസ്തമായ ഒട്ടനേകം ഫ്ളേവറിലുള്ള ഐസ്ക്രീമുകൾ നമ്മൾ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഒരു രീതിയിലും ചേരാൻ സാദ്ധ്യതയില്ലാത്ത വിരുദ്ധ ചേരുവകൾ ചേർത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് ഒരു ട്രെൻഡായി മാറിയത്. ഫ്യൂഷൻ ഐസ്ക്രീമുകളുടെ കൂട്ടത്തിലെ പുത്തൻ താരമാണ് ചിക്കൻ ബർഗർ ഐസ്ക്രീം. കിവി പിസയും, ചോക്ലേറ്റ് മാഗിയും, ഗുലാബ് ജാമൂൻ പാൻകേകും, നുട്ടല്ല ബിരിയാണിയും വരെ കണ്ടറിഞ്ഞതല്ലേ നമ്മൾ. ദർശൻ പഥക് എന്ന പേരുള്ള ട്വിറ്റർ പേജിലാണ് ചിക്കൻ ബർഗർ കൊണ്ട് ഐസ്ക്രീം ഉണ്ടാക്കിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത ഫാസ്റ്റ് ഫുഡ് ശ്രേണിയായ മക്ഡൊണാൾഡ്സിന്റെ മാക്ചിക്കൻ ബർഗർ ഒരാൾ കവറിൽ നിന്ന് പുറത്തെടുക്കുന്നതാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കം. രണ്ട് കത്തികൊണ്ട് ബണ്ണും പാറ്റിയും പച്ചക്കറികളും സോസുകളും ചേർന്ന മക്ചിക്കൻ ബർഗർ കണ്ടം തുണ്ടമാക്കുന്നതാണ് പിന്നീട് കാണാൻ സാധിക്കുക. നല്ലവണ്ണം അരിഞ്ഞതിന് ശേഷം ഇതിലേക്ക് പാലും ക്രീമും ചേർന്ന മിശ്രിതം ചേർക്കുന്നു. പിന്നീട് കൂടുതൽ ചെറുതാക്കുന്ന രീതിയിൽ അരിയുകയും ചെയ്യും. പാത്രത്തിലേക്ക് തേച്ചു പിടിപ്പിച്ച ശേഷം നീളത്തിൽ മുറിച്ച് റോൾ ആയി ചുരുട്ടിയെടുക്കുന്നതോടെ മക്ചിക്കൻ ബർഗർ ഐസ്ക്രീം റെഡി.
ഈ വീഡിയോ കണ്ടാൽ ഒരു പക്ഷേ മക്ഡൊണാൾഡ് ഈ ബർഗർ ഉണ്ടാക്കുന്നത് തന്നെ നിർത്തിവയ്ക്കും എന്ന കുറിപ്പോടെയാണ് ദർശൻ പഥക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം പേർ കണ്ട വീഡിയോ പക്ഷെ, പ്രതീക്ഷിച്ചതുപോലെ തന്ന ബർഗർ ആരാധകരുടെ വെറുപ്പിന് കാരണമായി. "ആരാണ് ഇവ നിർമ്മിക്കുന്നതെന്ന് എനിക്ക് അറിയണം, അവരുടെ മുഖത്തടിക്കാൻ എനിക്ക് തോന്നുന്നു," എന്നാണ് ഒരാൾ ഈ പോസ്റ്രിനു താഴെ കമന്റ് ചെയ്തത്. “ഇതോടെ മക്ഡൊണാൾഡ്സിലെ ജോക്കർ ജോലി ഉപേക്ഷിച്ച് ചിരിക്കുന്ന മുഖത്തിന് പകരം ദേഷ്യപ്പെടുന്ന മുഖവുമായി പോയി" എന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.