pinarayi-vijayan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനേയും കെ കെ രാഗേഷ് എം പിയേയും രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ വീണ്ടും രംഗത്ത്. തനിക്ക് ഭ്രാന്താണെന്ന് കെ കെ രാഗേഷ് എം.പി പറഞ്ഞു. ആർക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കണോ നാടിനെ കൊളളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്ത് നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുനാകൂവെന്നും സുധാകരൻ പറഞ്ഞു.

ഒമ്പത് ഉപദേശകരെ വച്ച് ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ വേറെയുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഉപദേശകർ ഇല്ലെങ്കിൽ എന്താകുമായിരുന്നു ഈ സർക്കാരിന്റെ അവസ്ഥ. ഇതെല്ലാം വിലയിരുത്തുമ്പോൾ ആർക്കാണ് ഭ്രാന്തെന്ന് ജനം പറയും. ഈ വികസനത്തിന് വേണ്ടി ചെലവഴിച്ച കോടാനുകോടി പണം കിഫ്ബി മുഖാന്തരം വായ്‌പ എടുത്തതാണ്. ഇതൊക്കെ തിരിച്ചടയ്ക്കേണ്ടേയെന്നും ആരാണ് ഈ ബാദ്ധ്യതയൊക്കെ ഏറ്റെടുക്കേണ്ടതെന്നും സുധാകരൻ വിമർശിച്ചു.

ഫാസിസ്റ്റായ ഒരു ഭരണ കർത്താവിന് ഭ്രാന്ത് കൂടി വന്നാൽ എന്താവും സ്ഥിതി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികളാണ് പരസ്യത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. ചെത്തുതൊഴിലാളികളുടെ ക്ഷേമ നിധിയിൽ അടയ്ക്കേണ്ട ഫണ്ട് ഈ സർക്കാർ റദ്ദാക്കുന്ന അവസ്ഥയുണ്ടായി. ജനങ്ങളുടെ നികുതി പണം ഇതുപോലെ ചിലവഴിക്കുന്ന ഭ്രാന്തുളള സർക്കാർ വേറെയുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

ഇതുപോലെ പിൻവാതിൽ നിയമനം നടന്ന കാലഘട്ടം വേറെയുണ്ടായിട്ടില്ല. പരിയാരത്തടക്കം വൻതോതിൽ പിൻവാതിൽ നിയമനം നടന്നു. മന്ത്രിസഭ പോലും അറിയാതെ ഒരു വകുപ്പ് മന്ത്രി അമേരിക്കൻ കുത്തകയുമായി കരാർ ഒപ്പിട്ടത് എന്ത് ആഭാസമാണ്. ഇ പി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ , പിണറായി വിജയൻ എന്നിവരുടെ മക്കളുടെ വ്യവസായ സാമ്രാജ്യത്തിന് പിന്നിലെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണം. ഇന്നലെ ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കണം.

പൊലീസ് എന്നു പറഞ്ഞ് ഗുണ്ടകളെ യൂണിഫോം നൽകി പറഞ്ഞ് വിടുകയാണ് സർക്കാർ. പൊലീസ് വേഷത്തിൽ എത്തിയത് ഡി വൈ എഫ് ഐ ഗുണ്ടകളാണ്. ഇതേകുറിച്ച് സമഗ്ര അന്വേഷണം വേണം. പിണറായി വിജയനെ വിമർശിക്കുമ്പോൾ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴിൽ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താൻ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ച് പറഞ്ഞതിന്റെ വേദന മനസിലാക്കാൻ വേണ്ടി മാത്രമാണെന്ന് സുധാകരൻ പറഞ്ഞു.