vegetables

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില വർദ്ധിച്ചതോടെ നഗരത്തിൽഅവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉള്ളി അടക്കമുള്ള സാധനങ്ങളുടെ വിലയിൽ കിലോഗ്രാമിന് 50 രൂപ വരെ ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ കർഷകസമരവും ഇന്ധന വിലവർദ്ധനവുമാണ്. സീസൺ ആയിട്ടുപോലും ഉള്ളി വില കൂടാൻ കാരണമായി ഇടനിലക്കാർ പറയുന്നത് അതേസമയം, ഇന്ധന വില വർദ്ധനയ്ക്കൊപ്പം അവശ്യ സാധനങ്ങളുടെ ആവശ്യകത വർദ്ധിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇന്ധന വില പ്രതിദിനം ഉയരുന്നതിനാൽ തന്നെ അരിക്കും പലവ്യഞ്ജനത്തിനുമടക്കം വില ഇനിയും വർദ്ധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.

നാല് ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 80 രൂപയായിരുന്ന ഉള്ളിയുടെ വില 130 രൂപ എത്തി. സവാളയ്ക്ക് ചില്ലറ വിപണിയിൽ 60 രൂപ വരെ ആയിട്ടുണ്ട്. തക്കാളിയുടെ വില കിലോയ്ക്ക് 22 രൂപയായിരുന്നത് 40 രൂപയിലേക്ക് ഉയർന്നു. ഇന്ധന വില ഇനിയും ഉയരുകയാണെങ്കിൽ സാധനങ്ങളുടെ വില ഇനിയും വർദ്ധിക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

നേരത്തെ 100 രൂപയ്ക്ക് പച്ചക്കറി വാങ്ങിയാൽ നാല് ദിവസത്തേക്ക് തികയുമായിരുന്നു. എന്നാൽ, സാധനങ്ങളുടെ വില ഉയർന്നതോടെ പച്ചക്കറിയുടെ അളവിൽ കുറവുണ്ടായതായി ഉപഭോക്താക്കൾ പറയുന്നു. വിലക്കയറ്റം ഉണ്ടായിട്ടും വിപണിയൽ ഇടപെട്ട് സർക്കാർ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്.

അതേസമയം, വിപണി കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടായാൽ ശക്തമായ ഇടപെടൽ നടത്തുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഉള്ളിയുടെ വില നിയന്ത്രിക്കുന്നതിനായി സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കണമെന്നും കൺസ്യൂമർ ഫോറം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളിയുടെ വില വർദ്ധിക്കുകയാണെങ്കിൽ വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഹോർട്ടികോർപ്പ് അധികൃതർ വ്യക്തമാക്കി. മുമ്പ് വില വർദ്ധന ഉണ്ടായപ്പോൾ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉള്ളി കൊണ്ടുവന്ന കാര്യവും ഹോർട്ടികോർപ്പ് ചൂണ്ടിക്കാട്ടി.