
ലക്‌നൗ: വിവാഹച്ചടങ്ങുകൾക്ക് ഒരു കാരണവശാലും ബി ജെ പി നേതാക്കളെ ക്ഷണിക്കരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) ദേശീയ അദ്ധ്യക്ഷൻ നരേഷ് ടികായത്. നിർദ്ദേശം ലംഘിക്കുന്നവർ തങ്ങളുടെ 100 സന്നദ്ധ പ്രവർത്തർക്ക് ഭക്ഷണം നൽകേണ്ടിവരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തർപ്രദേശിലെ സിസൗലിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചില ബി കെ യു പ്രവർത്തകരെ ബി ജെ പി മാനസികമായി തടവിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'ബി ജെ പി കർഷകരെ ശ്രദ്ധിക്കുന്നില്ല. അതിനാൽ കർഷകരും ബി ജെ പിയുമായി ഒരു ബന്ധവും പാടില്ല. ആ പാർട്ടിയുടെ നേതാക്കളുമായും ഒരു തരത്തിലുളള ബന്ധവും വേണ്ട'-നരേഷ് ടികായത് ആവശ്യപ്പെട്ടു.
പശ്ചിമമബംഗാളിൽ ശ്രീരാമന്റെ പേരിൽ വോട്ടുതേടിയ അമിത്ഷായുടെ നടപടിയെയും ടികായത് വിമർശിച്ചു. ശ്രീരാമന്റെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്നും ടികായത് അവകാശപ്പെട്ടു. 'അമിത് ഷാ ഞങ്ങളോട് സംസാരിക്കുന്നില്ല. എന്നാൽ ഞങ്ങളുടെ പൂർവികന്റെ പേര് ഉപയോഗിച്ച് വോട്ടുചോദിക്കുന്നു'- അദ്ദേഹം പറഞ്ഞു. എന്നാൽ ശ്രീരാമന്റെ പിന്തുടർച്ചക്കാരെന്ന് അവകാശപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കർഷക സമരത്തെ അടിച്ചമർത്താൻ കേന്ദ്രം പ്രയാേഗിക്കുതെന്ന് യോഗത്തിൽ സംസാരിച്ച രാഷ്ട്രീയ ലോക്ദൾ വൈസ് പ്രസിഡന്റ് ജയന്ത് ചൗധരി ആരോപിച്ചു. നരേന്ദ്രമോദി ശക്തനായ പ്രധാമന്തിയാണെങ്കിലും ഇപ്പോൾ കർഷർക്കെതിരെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.