
ജോസഫ് നെറ്റോ ഫെർണാണ്ടസ് എന്നായിരുന്നു അയാളുടെ മുഴുവൻ പേര്. ജോസഫ് എന്നും നെറ്റോ എന്നും ഫെർണാണ്ടസ് എന്നും വിളിക്കുന്നവരുണ്ട്. അപ്പന്റെ പേരാണ് നെറ്റോ എന്നത്. അപ്പന്റെ അപ്പനായിരുന്നു ഫെർണാണ്ടസ്. ഫിഷിംഗ് ഹാർബറിലെ അറിയപ്പെടുന്ന വഴക്കാളി ആയിരുന്നു ജോസഫ്. ശരിക്കും ഗുണ്ട. ആറടി പൊക്കം. ഇരുനിറം, കട്ടിമീശ, തീഗോളം പോലെ, മുന്നോട്ട് തള്ളിനിൽക്കുന്ന ഉണ്ടക്കണ്ണുകൾ. ഒന്നിനെയും പേടിയില്ല. തടിമിടുക്ക് അലിഞ്ഞുപോകുന്നത് എൽസിയുടെ മുന്നിലാണ്. യമഹ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ കടലിൽ പോകും. മിക്കപ്പോഴും കോളുമായി അടുത്തദിവസമാണ് തിരിച്ചുവരുന്നത്.
വള്ളം കരയ്ക്ക് അടുക്കുമ്പോൾ ഭ്രാന്തമായ ഒരു ആവേശമാണ്. കണ്ണുകാണില്ല. കൂട്ടിൽ നിന്നും തുറന്നുവിട്ട സിംഹത്തെപ്പോലെയാണ്. മീൻ ലേലം ചെയ്തു കിട്ടുന്ന കാശിൽ ചെലവ് കഴിഞ്ഞിട്ടുള്ളതിന്റെ പകുതി മാറ്റിവയ്ക്കും.അത് മക്കളെ പഠിപ്പിക്കാനാണ്. അച്ചന്റെ ഞായറാഴ്ച പ്രസംഗം മനസിൽ ഇപ്പോഴുമുണ്ട്. ക്രിസ്ത്യാനികളിൽ സർക്കാർ ജോലിക്ക് സംവരണം നമ്മുടെ വിഭാഗത്തിന് മാത്രമേയുള്ളൂ. അതുകൊണ്ട് മക്കളെ നന്നായി പഠിപ്പിക്കണം. വീട്ടിൽ എത്തിയാൽ കാശ് എൽസിയെ ഏല്പിക്കും. കുളിച്ച് ഭക്ഷണം കഴിഞ്ഞുനേരെ ബാറിലേക്ക്. കൂട്ടുകാരും ഉണ്ടാവും. അവിടെ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാക്കും. പിന്നെ തിരിച്ചുവീട്ടിലേക്ക് വരുന്ന വഴിക്ക് വിരോധമുള്ളവരെ തെറി വിളിക്കും. മദ്യപിച്ച് വണ്ടി ഓടിച്ചതിന് മിക്കപ്പോഴും പെറ്റി കിട്ടാറുണ്ട്. ജോസഫിനെ ദൂരെനിന്ന് കാണുമ്പോഴേ എസ്.ഐ പെറ്റി ചാർജ് ചെയ്യും.
ഏറ്റവും കൂടുതൽ ദേഷ്യം ഏണസ്റ്റിനോടാണ്. എൽസിയുടെ സഹോദരൻ. അയാളുടെ വീടിന്റെ മുന്നിൽ മിക്ക ദിവസങ്ങളിലും കുറച്ചുസമയം തെറിയഭിഷേകം ഉണ്ട്. പതിവ് ചടങ്ങാണ്. കൂടപ്പിറപ്പിനെപ്പോൽ, കരുതി സ്നേഹിച്ചു. ഒടുവിൽ അവൻ കുടുംബസ്വത്ത് കൈക്കലാക്കി. ക്രിസ്ത്യാനി ആയതുകൊണ്ട് കല്യാണം കഴിഞ്ഞാൽ പിന്നെ, പെണ്ണിന് കുടുംബസ്വത്തിൽ അവകാശം ഇല്ലാത്ത കാലം. പെങ്ങളെ മയക്കി അവയെല്ലാം കൈക്കലാക്കി. ഇന്നും പകയാണ്. ഒടുങ്ങാത്ത പക. വീട്ടിലെത്തി എൽസി വിളമ്പിയ ഭക്ഷണം കഴിക്കും. ഇളം ലൈറ്റ് വെട്ടത്തിൽ അവളുടെ മുഖത്തേക്ക് ഒളിഞ്ഞുനോക്കും. ആദ്യമായി കാമുകിയെ കാണുന്നതും സംസാരിക്കുന്നതും പോലെ. അവളുടെ ഇടത്തെ കോങ്കണ്ണ് ഒത്തിരി ഇഷ്ടമാണ്. സുന്ദരിയാ, മനസ് പറയും. എന്താ മനുഷ്യാ... കണ്ടിട്ടില്ലേ? അവളുടെ പരുപരുത്ത ശബ്ദം കേൾക്കുമ്പോൾ ഒരു അനുഭൂതിയാണ്. അത് കേൾക്കാനാണ് ഇങ്ങനെ പറയുന്നത്. മൂത്തമകൾക്ക് പേരിട്ടത് എൽസിയാണ്. സോണിയ എന്ന്. വിശ്വപ്രസിദ്ധ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ കാമുകിയുടെ പേര്. ടോൾസ്റ്റോയിക്ക് വാർദ്ധക്യത്തിൽ കിട്ടിയ യുവതിയായ കാമുകി. സ്വത്തെല്ലാം സ്വന്തമാക്കിയിട്ട് അദ്ദേഹത്തെ അടിച്ചിറക്കി. റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് അദ്ദേഹം മരിച്ചത്.
ഇളയ മകന് ഐൻസ്റ്റീൻ എന്ന പേര് നിർദ്ദേശിച്ചത് അയാൾ തന്നെയായിരുന്നു. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ പിന്നെ ഒരു മണിയാകുമ്പോൾ ഉണരും. അതാണ് പതിവ്. പിന്നെ ഉറങ്ങുന്ന എൽസിയെ തട്ടി വിളിക്കും. അവൾ ഉണർന്നുവരുമ്പോഴേക്കും ഒരു ആക്രമണമാണ്. അയാളിലെ പുരുഷൻ അപ്പോഴാണ് കരുത്തനാകുന്നത്. കാരിരുമ്പിന്റെ കരുത്താണ്. മദ്യലഹരിയിൽ ഒരു ആക്രമണമാണ്. അവളെ വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തും. അവളുടെ അസ്ഥികൾ ഞെരിഞ്ഞമരുന്നപോലെ. സിംഹം മാനിനെ ആക്രമിക്കുന്നപോലെ. നേർത്ത ശബ്ദത്തിൽ അവൾ പറയും. മനുഷ്യാ ഞാൻ ചത്തുപോകും. പതുക്കെ, ഞായറാഴ്ച കടലിൽ പോകില്ല. അന്ന് എല്ലാവരും കൂടി പള്ളിയിൽ പോകും. മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കും. മുൾക്കിരീടം അണിഞ്ഞു നിൽക്കുന്ന കർത്താവിനെ കാണുമ്പോൾ, മുഖത്തേക്ക് സൂക്ഷിച്ചുനോക്കും. കുറേ കഴിയുമ്പോൾ കണ്ണുകൾ നിറയും. മിശിഹാതമ്പുരാൻ അനുഭവിച്ച വേദനയെപ്പറ്റി ഓർക്കും. പിന്നെ തിരുരൂപം ആണ് മനസിൽ. പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോൾ അച്ചൻ പറയും. ജോസഫേ നീ എന്നെ ഒന്ന് കണ്ടിട്ടേ പോകാവൂ... അപ്പോഴേ മനസിലാവും എൽസി അച്ചനെ കണ്ട് എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്ന്. അൾത്താരയുടെ മുന്നിലേക്ക് കൊണ്ടുപോയി അവിടെ നിർത്തി ഉപദേശിക്കും. നിന്നോട് ഞാൻ പറഞ്ഞുതോറ്റു. ഇനി കുടി നിറുത്തണം. വഴക്ക് ഉണ്ടാക്കരുത്. ദൈവഭയത്തോടെ ജീവിക്കണം. കുട്ടികളേയും കുടുംബത്തെയും നന്നായി നോക്കണം. വർഷങ്ങളായുള്ള ഉപദേശം. ഇന്ന് അച്ചന് വാക്കു കൊടുത്തു ഇനി കുടിക്കില്ല. തല്ല് ഉണ്ടാക്കില്ല. ഞാനെത്ര കേട്ടതാ. അവിശ്വാസത്തോടെ അച്ചൻ പറഞ്ഞു. പള്ളിയിൽ നിന്നിറങ്ങിയപ്പോൾ എൽസിയോട് പറഞ്ഞു. ഇനി ഞാൻ കുടിക്കില്ല തല്ല് ഉണ്ടാക്കില്ല, അന്ന് രാത്രി എൽസി പുതിയ സ്വപ്നങ്ങൾ കണ്ടു. പിന്നീടയാൾ കുടിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിൽ രാത്രി ഒരു മണിക്ക് അയാൾ ഉണർന്നില്ല.
ഉറങ്ങുന്ന എൽസിയെ കടന്നാക്രമിച്ച് കീഴ്പ്പെടുത്തിയില്ല. പക്ഷേ ആ സമയങ്ങളിൽ എൽസി ഉണർന്നിരുന്നു. അയാൾ തന്നെ ആക്രമിക്കുന്നത് അവൾ സ്വപ്നം കണ്ടു. അവൾക്ക് മടുപ്പ് തോന്നി. അയാൾ ബോധം കെട്ട് ഉറങ്ങുകയായിരുന്നു. അയാളിലെ പുരുഷത്വം ചോർന്ന് അയാൾ ഒരു പഴന്തുണി ആയതുപോലെ അവൾക്ക് തോന്നി. ഭ്രാന്തമായ ആവേശത്തോടെ അവൾ അയാളെ വാരിപ്പുണർന്നു. അയാൾ തിരിഞ്ഞുകിടന്നു. അവൾ എണീറ്റ് താഴെ പെട്ടിയിൽ കരുതിവച്ചിരുന്ന രൂപ എടുത്തു. ജോസഫ് പോയി കുടിച്ചിട്ട് വരട്ടെ, പഴന്തുണി പോലുള്ള ഒരു മരപ്പലക ആയ ജോസഫിനെ തനിക്ക് വേണ്ട പഴയ വഴക്കാളിയായ ജോസഫിനെ മതി. അവളുടെ മനസ് പറഞ്ഞു. എൽസിക്ക് എൽസിയെ നഷ്ടപ്പെടുന്നത് പോലെ തോന്നി. സർവശക്തിയുമെടുത്ത് ജോസഫിനെ വീണ്ടും കുലുക്കിവിളിച്ചു. ഇല്ല, ഒരനക്കവുമില്ല, മതിമറന്ന് ഉറങ്ങുകയാണ്. അയാളുടെ കൂർക്കം വലിയുടെ ശബ്ദം ആ കടപ്പുറത്ത് അലയടിച്ചു. അത് കുടിലും കടന്ന് കടലിലേക്ക് പോയി.
എൽസി അമർഷത്തോടെ ജനൽതുറന്ന് പുറത്തേക്ക് നോക്കി. ഉൾക്കടലിൽ തിരകൾ ഉയർന്നുപൊങ്ങി. നിലാവെളിച്ചത്തിൽ എന്തോ ഒരു രൂപം ഉയർന്നുവരുന്ന പോലെ. അത് മെല്ലെ മെല്ലെ ഉയരുകയാണ്. മുൾക്കിരീടമണിഞ്ഞ പരിശുദ്ധപിതാവിന്റെ തിരുരൂപം. അത് വളർന്നു, വളർന്ന് മാനം മുട്ടെ ആയി. അല്പം അകലെ മാറി അതാ വഴക്കാളിയായ ജോസഫ് വരുന്നു. അയാൾ അവളെ വാരിപ്പുണർന്നു. വരിഞ്ഞുമുറുക്കി. അവന്റെ കരുത്തിൽ അവളുടെ എല്ലുകൾ ഞെരിഞ്ഞമർന്നു. എൽസിയുടെ കണ്ണുകളിൽ തിളക്കം കൂടിക്കൂടി വന്നു. അടുത്ത നിമിഷം അവൾ ഒരു ബിന്ദുവിലേക്ക് അലിഞ്ഞു ചേർന്നു.