
സിനിമയോടൊപ്പം ഇർഷാദ് സഞ്ചരിക്കാൻ തുടങ്ങിയിട്ട് 25 വർഷം
നൂറിലധികം ചിത്രങ്ങൾ. ചെറുതും വലുതുമായ വേഷങ്ങൾ.ഇരുപത്തിയഞ്ചു വർഷമായി സിനിമയോടൊപ്പം സഞ്ചരിക്കുകയാണ് ഇർഷാദ്.ഇപ്പോൾ തിയേറ്രറിൽ തരംഗം ഉയർത്തുന്ന ഒാപ്പറേഷൻ ജാവയിൽ പ്രതാപൻ എന്ന സൈബർ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ തിളങ്ങുന്നു.
അഭിനയ ജീവിതത്തിൽ ഏറെ സന്തോഷം തരുന്ന വിജയം ഒാപ്പറേഷൻ ജാവ ഇർഷാദ് നൽകുന്നു.ഇർഷാദിന് ലഭിച്ചതിൽ അധികവും പൊലീസ് വേഷങ്ങളാണ് . എന്നാൽ പ്രതാപൻ സാറിനെ പോലെഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു പൊലീസ് വേഷം ഉണ്ടാകില്ല. ഏറ്റവും മികച്ച പൊലീസ് വേഷം ഇതുതന്നെയാണെന്ന് ആരാധകരും പറയുന്നു. 
പൊലിസ് വേഷം നന്നായി ഇണങ്ങുന്നുണ്ടെന്ന് പലരും പറയുന്നത് ഇർഷാദ് ഒരുപാട് കേട്ടിട്ടുണ്ട്. പൊലീസ് ആകേണ്ട ആളായിരുന്നുവെന്നും കമന്റുകൾ വന്നു. കുറെ നല്ല സിനിമയുടെ ഭാഗമാകണം എന്ന ആഗ്രഹമാണ് എപ്പോഴും ഇർഷാദിന്. സൂപ്പർ സ്റ്റാർ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. '' ഒാപ്പറേഷൻ ജാവ മോശം സിനിമയാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ പ്രതീക്ഷ പോലെ സംഭവിച്ചു. ഈ പണിയൊക്കെ ചെയ്ത് ഇവിടെത്തന്നെ ഉണ്ടാവാനാണ് ആഗ്രഹം."" ഇർഷാദ് പറയുന്നു.
ഒാപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തി തൃശ്ശിവപേരൂർ ക്ളിപ്തം എന്ന സിനിമയിൽ ഇർഷാദിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 
ഒാപ്പറേഷൻ ജാവയിൽ അഭിനയിച്ചവരിൽ ഏറ്റവും സീനിയറായ താരം ഇർഷാദ് തന്നെയാണ്. എന്നാൽ എല്ലാവരെയും ഇർഷാദിന് അറിയാം.അതേസമയം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് ആണ് ഇർഷാദിന്റെ പുതിയ ചിത്രം. അതിലും പ്രാധാന്യവും പ്രതീക്ഷയും നൽകുന്ന കഥാപാത്രം. ഇന്നു വരെ കാണാത്ത ഇർഷാദ് മുഖം കിങ് ഫിഷിൽ ഉണ്ടാകും. ഫഹദ് നായകനായ മാലിക്ക് ആണ് മറ്റൊരു ചിത്രം. വി. സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിൽ വേറിട്ട കഥാപാത്രമാണ് .സജിമോൻ സംവിധാനം ചെയ്യുന്ന ഫഹദിന്റെ മലയൻകുഞ്ഞ് സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. നാടക പ്രവർത്തനങ്ങളുമായി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു ഇർഷാദിന്. അതിനുശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി. അതു ഉപേക്ഷിച്ച് സിനിമയിൽ .
സിബി മലയിൽ സംവിധാനം ചെയ്ത പ്രണയർവർണ്ണങ്ങളാണ് ആദ്യ സിനിമ.പിന്നീട് സമാന്തര സിനിമകളിൽ അവിഭാജ്യ ഘടകമായി. മദ്ധ്യവേനൽ, സൂഫി പറഞ്ഞ കഥ, വീട്ടിലേക്കുള്ള വഴി, കഥാവശേഷൻ, പുലിജന്മം, പരദേശി, നെയ്ത്തുകാരൻ, പാഠം ഒന്ന് ഒരു വിലാപം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകൾ. ടി. വി ചന്ദ്രന്റെയും പ്രിയനന്ദനന്റെയും സിനിമകളിൽ നായകവേഷം അവതരിപ്പിക്കാൻ കഴിഞ്ഞു.
ബ്യൂട്ടിഫുൾ, മെമ്മറീസ്. ഇന്ത്യൻ റുപ്പി എന്നീ സിനിമയിലൂടെ മുഖ്യധാരയിൽ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിൽ ചക്ക മണിയനെ അവതരിപ്പിച്ച കോമഡി വഴങ്ങുമെന്ന് തെളിയിച്ചു. സു.. സു.. സുധി വാത്മീകത്തിൽ കണ്ടത് പ്രതിനായകന്റെ പകർന്നാട്ടം.