mohanlal

സമൂഹമാദ്ധ്യമങ്ങളിൽ ഉടനീളം ദൃശ്യം 2വിനെപ്പറ്റിയുളള ചർച്ചകളാണ്. സിനിമ കണ്ടവരൊക്കെ പോസിറ്റീവ് കമന്റുകളുമായി എത്തുമ്പോൾ പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പാണ്.

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ലൂസിഫർ മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഇത്. ഇപ്പോൾ മോഹൻലാലും സംവിധാനത്തിലേക്ക് കടക്കുകയാണ്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അധികം വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ മോഹൻലാലിന്റെ സിനിമയിൽ പൃഥ്വിരാജ് അഭിനയിക്കുമെന്ന അഭ്യൂഹത്തിന് തുടക്കമായിരിക്കുകയാണ്.

പൃഥ്വിരാജ് തന്നെയാണ് ഇതു സംബന്ധിച്ച് സൂചന നൽകുന്നത്. ദൃശ്യം 2വിനെപ്പറ്റി എഴുതിയ കുറിപ്പിലാണ് ഇത്. ചേട്ടാ നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാൽ സംവിധാനം ചെയ്യപ്പെടാനും കാത്തിരിക്കാനാകുന്നില്ല എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

Drishyam 2.
Been wanting to say something about the film for a long time now. Guess since the world premiere is just...

Posted by Prithviraj Sukumaran on Thursday, February 18, 2021

ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മോഹൻലാൽ തന്നെ സിനിമയിലെ പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്. പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബറോസിൽ വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും.

ഭൂമിയിൽ താൻ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന രത്‌നങ്ങളും നിധികളും വാസ്‌കോ ഡ ഗാമ സൂക്ഷിച്ചിരുന്നു. ആ നിധികൾക്കൊരു കാവൽക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്.