
തിരുവനനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കൂടിക്കാഴ്‌ച പൂർത്തിയായി. ചർച്ചയിൽ സന്തോഷമുണ്ടെന്നും ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഹരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നും ഉദ്യോഗാർത്ഥികൾ ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. പ്രശ്‌നങ്ങളെല്ലാം ഗവർണറെ ബോദ്ധ്യപ്പെടുത്താനായെന്നും അവർ പറഞ്ഞു.
അതേസമയം ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. വിഷയത്തിൽ തന്നാലാകുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടറിയേറ്റ് പടിക്കൽ 48 മണിക്കൂർ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന് ഒപ്പമാണ് ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടത്.
സമരത്തെ ആര് പിന്തുണച്ചാലും തളളിക്കളയില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഡിവൈഎഫ്‌ഐ ചർച്ചയ്‌ക്ക് മദ്ധ്യസ്ഥതയ്‌ക്കെത്തിയപ്പോഴും അതുകൊണ്ടാണ് സഹകരിച്ചതെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു. ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ മത്സ്യവിൽപന നടത്തിയായിരുന്നു ഉദ്യോഗാർത്ഥികളുടെ സമരം. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുൻപ് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. രാഷ്‌ട്രീയ ആയുധമായി സംഭവത്തെ പ്രതിപക്ഷം മാറ്റുന്നത് തടയാനായിരുന്നു ഈ നടപടി.