swathy

വാഷിംഗ്ടൺ: ബാല്യകാലത്ത് സ്റ്റാർ ട്രക്ക് സീരിസ് കണ്ട് ബഹിരാകാശത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തണമെന്നാഗ്രഹിച്ചിരുന്നു കൊച്ചു സ്വാതി. ഇന്ന് നാസയുടെ പെഴ്സിവീയറൻസ് ചൊവ്വയിൽ മുത്തമിട്ടപ്പോൾ ഡോ. സ്വാതി മോഹനെന്ന ഇന്ത്യൻ വംശജയുടെ സ്വപ്നം പൂവണിയുകയാണ്. പേടകം ചൊവ്വയിൽ എത്തിയതായി ആദ്യമായി പ്രഖ്യാപനം നടത്തിയതും സ്വാതിയാണ്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിൽ സ്വാതി അംഗമായത്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിച്ച് ജി.എ.ൻ&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും ലാൻഡിംഗ് സംവിധാനത്തിനാവശ്യമായ മാർഗനിർദ്ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നൽകിയതും സ്വാതിയാണ്.

 സ്വാതിയും സ്റ്റാർ ട്രക്കും

സ്വാതിയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഒൻപതാം വയസുമുതൽ സ്റ്റാർ ട്രക്ക് സീരിസിന്റെ കടുത്ത ഫാനായി സ്വാതി മാറി. സീരിസിന്റെ സ്വാധീനം മൂലം ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും അവിടുത്തെ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുമൊക്കെ അറിയാൻ സ്വാതിയ്ക്ക് താത്പര്യമുണ്ടായി. ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും ഫിസിക്സ് അദ്ധ്യാപികയും സ്വാതിയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്ത് പക‌ർന്നു. ശിശുരോഗവിദഗ്ദ്ധയാകുക എന്ന മോഹം ഉപേക്ഷിച്ച് സ്വാതി കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ ആൻഡ് എയറോസ്പേസ് എൻജിനിയറിംഗിൽ ബിരുദവും എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. പിന്നീട് നാസയിൽ ജോലി ലഭിച്ചു. നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വദൗത്യ പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്. നാസയുടെ ശനീഗ്രഹദൗത്യമായ കാസ്സിനിയിലും സ്വാതി മോഹൻ അംഗമാണ്.