
ബംഗളൂരു: വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവതിയുടെ ആവശ്യപ്രകാരം സ്വയം നഗ്നനായ യുവാവിന് നഷ്ടമായത് 20000രൂപ. താൻ റെക്കോഡുചെയ്ത വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയത്. ബംഗളൂരു സ്വദേശിയായ അമ്പിത് മിശ്ര എന്ന യുവാവിന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ശ്രേയ എന്നയുവതിയാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്.
മാട്രിമോണിയൽ സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അമ്പിതുമായി സൗഹൃദം സ്ഥാപിച്ച ശ്രേയ സ്ഥിരമായി വാട്സാപ്പ് കാൾ ചെയ്യുമായിരുന്നു. ഇതോടെ ഇവർ ഏറെ അടുത്തു. സോഫ്ട്‌വെയർ എൻജിനീയർ എന്നാണ് ശ്രേയ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അമ്പിതിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും ശ്രേയ പറഞ്ഞു. കഴിഞ്ഞദിവസം വാട്സാപ്പ് കോളിൽ സംസാരിക്കവെ അമ്പിതിന്റെ പൂർണശരീരം കാണാൻ തനിക്ക് കൊതിയാണെന്നും അതിനുവേണ്ടി നഗ്നനാകണമെന്നും ശ്രേയ ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും നിർബന്ധം ഏറിയതോടെ വസ്ത്രങ്ങൾ മുഴുവൻ അഴിച്ചുമാറ്റി. ഇതോടെ ശ്രേയ കോൾ റെക്കോഡുചെയ്തു.
ഇതോടെ ശ്രേയയുടെ സ്വഭാവം മാറി.ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നായി ആവശ്യം. ഇത്രയും പണം കൈയിലില്ലെന്നും ഇരുപതിനായിരം രൂപ നൽകാമെന്നും അമ്പിത് പറഞ്ഞു. പണം നൽകിയതോടെ ശ്രേയ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിനൽകിയത്.