
അഹമ്മദാബാദ്: മാറുന്ന കാലത്തിനൊപ്പം നൽകുന്ന വാഗ്‌ദ്ധാനങ്ങളിലും മാറ്റം വന്നില്ലെങ്കിൽ യുവാക്കൾ വോട്ട് തരില്ലെന്ന് രാഷ്ട്രീയപാർട്ടികൾ ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന നല്ലൊരു ശതമാനം യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തന്ത്രം മെനഞ്ഞിരിക്കുകയാണ് കോൺഗ്രസ്. ഗുജറാത്തിലെ വഡോദരയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഇറക്കിയ പ്രകടനപത്രികയിലാണ് യുവാക്കളെ ആകർഷിക്കാനായി പുതിയ വാഗ്ദ്ധാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യുവാക്കൾക്ക് കോഫിഷോപ്പ് അടക്കമുളള ഡേറ്റിംഗ് ഡെസ്റ്റിനേഷനാണ് വാഗ്ദ്ധാനം. എന്നാൽ കോൺഗ്രസ് പ്രകടനപത്രികയെ വിമർശിച്ച് ബി ജെ പി രംഗത്തെത്തി. ഡേറ്റിംഗ് ഡെസ്റ്റിനേഷനെന്ന വാഗ്ദ്ധാനം യുവാക്കളെ വഴിതെറ്റിക്കുന്നതാണ്. ഇത് ഇറ്റാലിയൻ സംസ്‌കാരത്തിന്റെ സ്വാധീനമാണ്. ഇന്ത്യയിലെ ജനങ്ങൾ കുടുംബമായി ജീവിക്കുന്നവരാണ്. കോൺഗ്രസ് ഇന്ത്യൻ സംസ്‌കാരത്തെ അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് ഈ പ്രകടനപത്രികയെന്നും വഡോദര ബി ജെ പി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു.
ഡേറ്റിംഗ് ഡെസ്റ്റിനേഷൻ വഴി ലവ് ജിഹാദിന് പ്രോത്സാഹനം നൽകുകയാണെന്നും ബിജെപി ആരോപിച്ചു. ശാരീരിക ആകർഷണം മാത്രമാണ്, അല്ലാതെ വൈകാരികമായ ആകർഷണം ഡേറ്റിംഗിൽ ഇല്ല. ഇത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തെ വർദ്ധിപ്പിക്കുന്ന നടപടിയാണെന്നും ബി ജെ പി ആരോപിക്കുന്നു.

ബി ജെ പിയുടെ ആരോപണം കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ശ്രീവാസ്‌തവ നിഷേധിച്ചു. എല്ലാത്തിനും രണ്ട് വശമുണ്ട്. ഓരോ പ്രകടനപത്രികയും പുതിയ ആശയങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
ഒരോ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സ്ത്രീകൾക്കായി പാർട്ടി ഹാളുകളും പ്രകടനപത്രികയിൽ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും കുറഞ്ഞ കെട്ടിട നികുതിയുമാണ് മറ്റ് പ്രധാനവാഗ്ദ്ധാനങ്ങൾ. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗർ, ഭാവ് നഗർ എന്നീ ആറു നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.