ajo

കോട്ടയം: പശുവിനെ വാങ്ങുന്നതിനുള്ള വായ്പയിൽ സബ്‌സിഡിക്ക് അർഹനാണെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച ക്ഷീര കർഷകനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മൃഗഡോക്‌ടർ അറസ്റ്റിൽ. പെരുവ മുളക്കുളം മൃഗാശുപത്രിയിലെ ഡോ.അജോ ജോസഫിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ സംഘം ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്‌തത്.

റീബിൽഡ് കേരള പദ്ധതി വഴി സർക്കാർ ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങാൻ 1.20 ലക്ഷം രൂപ വായ്‌പ നൽകുന്നുണ്ട്. ഇതിൽ 60,000 രൂപ സബ്‌സിഡിയാണ്. ഇതിന് മൃഗഡോക്‌ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റിനാണ് പതിനായിരം രൂപ ആവശ്യപ്പെട്ടത്. അയ്യായിരം രൂപവരെ നൽകാൻ മുളക്കുളം സ്വദേശിയായ കർഷകൻ തയ്യാറായെങ്കിലും ഡോക്ടർ വഴങ്ങിയില്ല. തുടർന്നാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസിന്റെ നിർദേശം പ്രകാരം ഇന്നലെ രാവിലെ ആശുപത്രിയിൽ എത്തി പണം കൈമാറവെ ഡോക്‌ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലൻസ് തെക്കൻ മേഖല ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ് , രാജൻ കെ.അരമന, എസ്.ഐമാരായ വിൻസന്റ് കെ മാത്യു , സാനി തോമസ് , തുളസീധരക്കുറുപ്പ് , സുരേഷ് കുമാർ , തോമസ് തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.