
കൊച്ചി: ഐ.ടി മേഖലയിൽ മിക്ക കമ്പനികളിലെയും ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നത് വർക് ഫ്രം ഹോം രീതിയിലാണ്. മറ്റ് മേഖലകളിൽ കൊവിഡ് നിബന്ധനകൾക്ക് ഇളവ് നൽകിയത് പോലെ ഐടി മേഖലയിലും ഇളവ് നൽകിയെങ്കിലും മിക്ക കമ്പനികളും വർക് ഫ്രം ഹോം രീതി തുടരുകയാണ്. ഇതുമൂലം ജോലിയിൽ വലിയ തടസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഐടി പ്രൊജക്‌ടുകളിലും സോഫ്‌റ്റ്‌വെയർ വികസനത്തിലും കുഴപ്പമൊന്നുമില്ലെന്നും ഉൽപാദനക്ഷമത വർദ്ധിച്ചെന്നുമാണ് മിക്ക കമ്പനികളുടെയും അനുഭവം.
വിദേശ കമ്പനികൾക്ക് മാത്രമല്ല കേരളത്തിലുളള കമ്പനികളിലും ഇത് തന്നെയാണ് അനുഭവം. വിദേശരാജ്യങ്ങളിലുളള ഇടപാടുകാരുടെ അടുത്തേക്ക് പോകേണ്ടാത്തത് കൊണ്ട് വിമാനയാത്രയ്‌ക്കും മറ്റ് ചിലവുകൾക്കും കോടികളാണ് വരുമാന ലാഭം. കേരളത്തിലെ ഒരു കമ്പനി ഇങ്ങനെ 200 കോടി ലാഭിച്ചതായാണ് വിവരം. ഓഫീസ് ചിലവുകളായ വൈദ്യുതി,വെളളം, ഗതാഗതം എന്നിവയിലും കമ്പനികൾക്ക് ആശ്വാസത്തിന് വകയുണ്ട്.
16000 ജീവനക്കാർ ഇന്ത്യയിലാകെ ജോലി ചെയ്യുന്ന യുഎസ്‌ടി ഗ്ളോബലിൽ 1200 പേരാണ് ഓഫീസിലെത്തുന്നത്. ഇവിടെ ജൂൺ മാസം വരെയാണ് വർക് ഫ്രം ഹോം സമയപരിധി. ഊബറും ജൂൺ മാസം വരെ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി. ഐബിഎസ് വാക്‌സിനേഷൻ എടുത്ത ശേഷം ജോലിക്കെത്തിയാൽ മതിയെന്നാണ് അറിയിപ്പ് നൽകിയത്. ടിസിഎസ് നവംബറിലും ഗൂഗിൾ സെപ്‌തംബറിലും എയർബിഎൻബി ഓഗസ്‌റ്റിലും ആപ്പിൾ ജൂൺ മാസം വരെയും ഇൻഡീസ് ജൂലായ് വരെയും വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്‌റ്റിൽ മാസത്തിൽ പകുതി ദിവസം ഓഫീസിൽ വന്നാൽ മതിയെന്നാണ് അറിയിപ്പ് അതേസമയം ഇൻഫോസിസ് തീരുമാനം അറിയിച്ചിട്ടില്ല. ഇവിടെ ഇഷ്‌ടമുളളവർക്ക് ഓഫീസിൽ വരാമെന്നാണ് അറിയിച്ചത്. എന്നാൽ 2 ശതമാനം പേർ പോലും ഓഫീസിൽ വരാറില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.