
യുവതാരത്തിന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മണിക്കൂറുകളോളം റോഡിൽ വാഹന ഗതാഗതം തടഞ്ഞത് വിവാദമാവുന്നു. തലസ്ഥാനത്തെ തിരക്കേറിയ മാനവീയം വീഥിയിലാണ് സിനിമാ ചിത്രീകരണത്തിനായി സംഘത്തിന് അനുമതി ലഭിച്ചത്. എന്നാൽ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ഉപയോഗിച്ച് വെള്ളയമ്പലം മുതൽ റോഡ് ബ്‌ളോക്ക് ചെയ്യുകയായിരുന്നു. രാത്രി പത്ത് മണിയോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ പ്രതിഷേധുവുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധിച്ചവരെ പൊലീസിന്റെ മുൻപിൽ വച്ച് കറുത്ത ടിഷർട്ടിട്ട ഒരു സംഘം കായികമായി കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്വകാര്യ ഏജൻസിയുടെ അതിക്രമം മൊബൈലിൽ ചിത്രീകരിച്ച യുവാവിനെ പത്തോളം പേർ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് മാറിനിന്ന പൊലീസും റോഡരുകിലേക്ക് മാറാൻ കൂടിനിന്നവരോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
തലസ്ഥാനത്തെ ക്യാമ്പിൽ നിന്നും ഗതാഗത നിയന്ത്രണത്തിന് കൊണ്ടുവന്ന പൊലീസുകാരാണ് സ്വകാര്യ ജീവനക്കാർ റോഡിൽ നിയമം കൈയ്യിലെടുത്തപ്പോൾ കാഴ്ചക്കാരായി നിന്നത്. റോഡിൽ ഗതാഗതം നിയന്ത്രിക്കേണ്ട ചുമതല പൊലീസിനായിരിക്കേ ഇവർ ജനത്തെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. പ്രതിഷേധിക്കുന്നവരെ മസിലുകാട്ടി ഭയപ്പെടുത്തുന്ന ഗുണ്ടായിസത്തിനാണ് തലസ്ഥാനനഗരി കഴിഞ്ഞ രാത്രി സാക്ഷിയായത്.
രാത്രി പത്ത് മണിയോടെയാണ് താൻ സ്ഥലത്തെത്തിയതെന്നും, ചിത്രീകരണം നടക്കുന്ന സ്ഥലത്തിനും ദൂരെയായി റോഡ് ബ്‌ളോക്ക് ചെയ്യുന്നത് കണ്ട് വീഡിയോ എടുക്കുകയായിരുന്നുവെന്നും സമൂഹമാദ്ധ്യമത്തിൽ സംഭവത്തിന്റെ വീഡിയോ പങ്കുവച്ച അരുൺ കൗമുദി ഓൺലൈനോടു പറഞ്ഞു. യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.