
ടെൽ അവീവ്: ആണവായുധ ശേഖരം വികസിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇസ്രയേൽ. 2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാകുന്നത് വരെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിക്കാൻ തയ്യാറാകാതിരിക്കുന്നതിനിടെയാണിത്. നെഗേവ് മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇന്റർനാഷണൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.
ഡിമോണ നിലയത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് വികസന പരിപാടികൾ പുരോഗമിക്കുന്നത്. ഇത് കൂടാതെ, ഷിമോൺ പെരസിന്റെ പേരിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിലും വികസനം തകൃതിയായി നടക്കുന്നുണ്ട്. 2018 അവസാനമോ 2019ലോ ആണ് ഇവിടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷം നീണ്ട പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങൾ പകർത്തിയതെന്ന് പ്രിൻസ്ടൺ യൂണിവേഴ്സിറ്റി ഗവേഷകൻ പാവേൽ പൊഡ്വിഗ് പറയുന്നു.
ഡിമോണ നിലയം
1950കളിലാണ് ഡിമോണയിൽ ഫ്രാൻസിന്റെ സഹായത്താൽ ഇസ്രയേൽ നിലയം സ്ഥാപിക്കുന്നത്. ആ സമയത്ത് 2,500 ഓളം ഫ്രഞ്ച് പൗരന്മാർ ഡിമോണ നിലയത്തിൽ പ്രവർത്തിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ആണവ പദ്ധതിയായ നഥാൻസിലെ നിലയത്തിന്റെ പ്രവർത്തനം തകർക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ വൈറസ് പരീക്ഷിച്ചത് ഡിമോണ നിലയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 80ൽ ഡിമോണയെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടനിലെ സൺഡെ ടൈംസ് റിപ്പോർട്ട് ചെയ്തതോടെയാണ് നിലയത്തിലെ രഹസ്യങ്ങൾ പുറംലോകമറിയുന്നത്.
ഇറാനും ഇസ്രയേലിനും രണ്ട് നയമോ?
ആണവവിഷയത്തിൽ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ ഇറാനെതിരെ പതിറ്റാണ്ടുകളായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, അണ്വായുധം വികസിപ്പിക്കാൻ ഇസ്രയേൽ മുൻപന്തിയിൽ ഉണ്ടായിട്ടും വിമർശിക്കാൻ ഒരു രാജ്യവും എത്തുന്നില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 90 ഓളം ആണവായുധങ്ങൾ ഇതിനകം ഇസ്രയേൽ വികസിപ്പിച്ചതായി ഫെഡറേഷൻ ഒഫ് അമേരിക്കൻ സയന്റിസ്റ്റിസ് പറയുന്നു. ഡിമോണയിലെ ഘനജല റിയാക്ടറിൽനിന്ന് പ്ലൂട്ടോണിയം വികസിപ്പിച്ചാണ് ഇവ നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ