
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ശ്രീനഗറിലെ ബർസുള്ളയിൽ പട്ടാപ്പകൽ ഭീകരൻ നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. മുഹമ്മദ് യൂസഫ്, സുഹൈൽ അഹമ്മദ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഒരു ചായക്കടയുടെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഇവർക്ക് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി ടി വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. മാസങ്ങൾക്ക് മുമ്പാണ് ഈ ഭീകര സംഘടന രൂപീകരിച്ചത്. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌ക്കർ ഇ തോയ്ബയുടെ മറ്റൊരു വിഭാഗമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭീകരർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
12 മണിക്കൂറിനിടെ ജമ്മുകാശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. ഭീകരവിരുദ്ധ സേനയും സൈന്യവും ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി.