aa

രുചിക്കൂട്ടിൽ കൃത്യമായി പാകം ചെയ്തതാണ് ബാബുരാജിന്റെ ബ്ളാക്ക് കോഫി

ദോശ ചുട്ട് വിജയം സൃഷ്ടിച്ചവർ കൊണ്ടുവന്ന ബ്ളാക്ക് കോഫിക്ക് നല്ല രുചി. രസം പകരാൻ ചേരുവകൾ പാകത്തിനുണ്ട്. അതിനാൽ പ്രേക്ഷകർക്ക് രുചിക്കുകയും ചെയ്തു. ബാബുരാജ് സംവിധാനം ചെയ്ത ബ്ളാക്ക് കോഫിയിൽ കുക്ക് ബാബു എന്ന കഥാപാത്രത്തെ താരം വീണ്ടും കൈയടക്കത്തിൽ അവതരിപ്പിച്ചു. തിരക്കഥയും ബാബുരാജിന്റെ തന്നെയാണ്. സോൾട്ട് ആന്റ് പെപ്പറിന്റെ തുടർ ഭാഗം പോലെയാണ് ബ്ളാക്ക് കോഫി ആരംഭിക്കുന്നത്. ബാബുരാജിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് നൽകിയ കഥാപാത്രമായിരുന്നു കുക്ക് ബാബു.പതിവു വില്ലൻ വേഷങ്ങളിൽ നിന്ന് മോചനം നൽകിയ കഥാപാത്രം. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ബ്ളാക്ക് കോഫിയുടെ ടാഗ് ലൈൻ. കാളിദാസനുമായി തെറ്റിപ്പിരിച്ച കുക്ക് ബാബു നാലു പെൺകുട്ടികളുള്ള ഫ്ളാറ്റിൽ പാചകക്കാരനാകുന്നതോടെയാണ് ബ്ളാക്ക് കോഫി ആരംഭിക്കുന്നത്. തുടർന്നു കുക്ക് ബാബു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ.എല്ലാം രസകരമായി മാറുകയും ചെയ്യുന്നു. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും വീണ്ടും മനോഹര കാഴ്ച ഒരുക്കി. ബ്ളാക്ക് കോഫിയിൽ ഏറെ കൈയടി ലാൽ വാങ്ങുന്നു.

കാളിദാസനും മായയ്ക്ക് കാലം വലിയ മാറ്റം വരുത്തിയിട്ടില്ല.സോൾട്ട് ആന്റ് പെപ്പറിൽ കണ്ട രൂപവും ഭാവവും തന്നെ ബാബുരാജിന്. ഇത്തവണ ബാബുവിന് നാലു നായികമാരുണ്ട് എന്നതാണ് മറ്റൊരു രസകാഴ്ച. രചന നാരായണൻകുട്ടി, ഒവിയ, ലെന, ഒാർമ എന്നിവരാണ് നായികമുഖങ്ങൾ.കേളു മൂപ്പൻ വീണ്ടും വരുന്നുണ്ട്. സണ്ണിവയ്ൻ, സിനിൽ സൈനുദ്ദീൻ, സുധീർ‌ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഥിടികം ജോർജ്, സാജു കൊടിയൻ, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, പൊന്നമ്മ ബാബു, തെസ് നി ഖാൻ, അംബിക മോഹൻ എന്നിവരാണ് മറ്റു താരങ്ങൾ.അനുയോജ്യമായ താരങ്ങൾ തന്നെയാണ് എല്ലാ വേഷത്തിലും എത്തിയത്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി ആണ് ബ്ളാക്ക് കോഫി നിർമിക്കുന്നത്. ജെയിംസ് ക്രിസ് ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ്,സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ബ്ളാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങൾക്കുശേഷം ബാബു രാജ് ഒരുക്കുന്ന ചിത്രമാണ് ബ്ളാക്ക് കോഫി. എന്നാൽ ഏറെ രുചിക്കൂട്ട് ബ്ളാക്ക് കോഫിക്കു തന്നെ.