
വാഷിംഗ്ടൺ: ഇറാൻ ആണവ ചർച്ചയിലെ പങ്കാളിത്തം പുനഃരാംരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ചർച്ച അവസാനിപ്പിച്ചിരുന്നു. യൂറോപ്യൻ യൂനിയൻ മുൻകൈയ്യെടുത്ത് വീണ്ടും ആരംഭിക്കുന്ന ചർച്ചയിൽ പങ്കെടുക്കാമെന്ന് അമേരിക്ക അറിയിച്ചു. 2015ൽ ലോക വൻശക്തികൾ ഇറാനുമായി ഒപ്പുവച്ച ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും
പങ്കെടുക്കുന്ന ചർച്ചയിൽ അമേരിക്കയുമുണ്ടാകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ആണവ കരാറിലേക്ക് ഇറാൻ തിരിച്ചെത്തണമെന്ന് പുറമെ യു.കെ, ഫ്രാൻസ്, ജർമനി എന്നിവ ചേർന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപരോധം ഇളവു ചെയ്യാമെന്ന വ്യവസ്ഥയിൽ യിൽ ഇറാനു മേൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി 2015ലാണ് കരാറിലൊപ്പുവച്ചിരുന്നത്. എന്നാൽ, 2018ൽ കരാറിൽനിന്ന് പിൻവാങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ബൈഡൻ അധികാരത്തിലെത്തിയ ഉടൻ ചർച്ച പുനഃരാരംഭിക്കാൻ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചൈനക്കെയ്ക്കെതിരെ പഴയ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ബൈഡൻ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ചർച്ചയുടെ വിജയം ഉറപ്പു പറയാനാവില്ല.
അമേരിക്കയുടെ പിൻമാറ്റവും പുതിയ ഉപരോധവും ആരംഭിച്ചതിന് പിന്നാലെ ആണവ പദ്ധതികൾ ഇറാൻ പുനഃരാരംഭിച്ചിരുന്നു. അത്യാധുനിക സെൻട്രിഫ്യൂഗുകളുടെ നിർമാണത്തിനു പുറമെ ഇറാൻ യുറേനിയം ഉപയോഗിച്ച് ആയുധ വികസനവും ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം, നേരത്തെ ട്രംപ് ഇറാൻ ഉദ്യോഗസ്ഥർക്കുമേൽ അടിച്ചേൽപിച്ച യാത്ര വിലക്കുൾപ്പെടെയുള്ള പുതിയ ഉപരോധ നടപടികൾ നിറുത്തിവയ്ക്കാൻ ബൈഡൻ ഉത്തരവിട്ടു.