
പുതിയ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ 75-ാം വാർഷികത്തിന്റെയും സർക്കാരിന്റെ 10 0ദിനം - 100 പദ്ധതികളുടെയും ഭാഗമായുള്ള കോപ്പറാസ് റിക്കവറി പ്ളാന്റ്, അതിഥി മന്ദിരം, നവീകരിച്ച സൾഫ്യൂരിക് ആസിഡ് പ്ളാന്റ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ആധുനിക, വൈവിദ്ധ്യവത്കരണ നയത്തിലൂന്നി കമ്പനിയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആഗോള, ഉദാരവത്കരണങ്ങൾ, അടച്ചുപൂട്ടൽ ഭീഷണികൾ എന്നിങ്ങനെ മുൻകാലങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കമ്പനി, അധികൃതരുടെയും ജീവനക്കാരുടെയും പിൻബലത്തിൽ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി.
കൊവിഡ് കാലത്ത് ചെലവ് കുറഞ്ഞ സാനിട്ടൈസർ, വാഷ്‌റൂം ലോഷൻ, ഹാൻഡ് വാഷ്, ലിക്വിഡ് സോപ്പ് എന്നിവ 'ടൈ സെക്യൂർ" എന്ന പേരിൽ വിപണിയിലിറക്കി. സിമന്റ് ബ്ളോക്ക്, ഹോളോബ്രിക്‌സ്, ഇന്റർലോക്ക് ടൈൽസ്, റോഡ് മാർക്കിംഗ് പെയിന്റ് എന്നിങ്ങനെ മികച്ച ഉപോത്പന്നങ്ങളും വികസിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രധാന ഉത്‌പന്നമായ ടൈറ്റാനിയം പിഗ്‌മെന്റ് കയറ്റുമതി ചെയ്യുന്നതിനുപകരം ഇവിടെത്തന്നെ മറ്റുത്പന്നങ്ങൾ നിർമ്മിക്കാൻ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു.
ടി.ടി.പി ചെയർമാൻ അഡ്വ.എ.എ. റഷീദ്, മാനേജിംഗ് ഡയറക്‌ടർ ജോർജി നൈനാൻ, മേയർ ആര്യ രാജേന്ദ്രൻ, മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ, കൗൺസിലർ സാബു ജോസ്, ടൈറ്റാനിയം ഡയറക്‌ടർ കെ.എസ്. ഉഷ, അഡിഷണൽ സെക്രട്ടറി പി.വി. മനോഹരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ജനറൽ മാനേജർ (ടെക്‌നിക്കൽ) പി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.