
അമ്പിളിയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മറുനാടൻ സുന്ദരിയാണ് തൻവി റാം. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശികളായ കെ. രാമചന്ദ ൻ - ജയശ്രീ ദമ്പതികളുടെ മകളായ തൻവി ജനിച്ച് വളർന്നത് ബംഗ്ളൂരുവിലാണ്.
ബംഗളൂരു എം.ജി റോഡിലെ സി.വി. രാമൻ നഗറിൽ റാംസ് മ്യൂസിക്ക് എന്ന സ്ഥാപനം നടത്തുകയാണ് തൻവിയുടെ അച്ഛൻ രാമചന്ദ്രൻ. സഹോദരൻ ഒരു മ്യൂസിക്ക് റെക്കോർഡിംഗ് സ്റ്റുഡിയോയുടെയും മ്യൂസിക് അക്കാഡമിയുടെയും ഉടമയാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ആദ്യ സിനിമയായ അമ്പിളിയിലേക്ക് വന്നത് ഓഡിഷൻ വഴിയാണെന്ന് തൻവി പറഞ്ഞു.
''സി.ബി.എം കഴിഞ്ഞ് ചെന്നൈയിലെ ഒന്ന് രണ്ട് ബാങ്കുകളിൽ അഞ്ച് വർഷം ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് അവധിയെടുത്താണ് അഭിനയം."" അമ്പിളിക്ക്ശേഷം കപ്പേളയിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന വേഷങ്ങളവതരിപ്പിച്ച ഖാലിപേഴ്സ് ഒഫ് ബില്യണേഴ്സ് എന്ന ചിത്രത്തിലാണ് ഒടുവിൽ തൻവി റാം അഭിനയിച്ചത്. നവാഗതനായ മാക്സ് വെൽ ജോസഫാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 2403 ഫീറ്റ് , ജയസൂര്യ നായകനാകുന്ന ജോൺ ലൂഥർ എന്നിവയാണ് തൻവിയുടെ പുതിയ ചിത്രങ്ങൾ.അച്ഛന്റെയും സഹോദരന്റെയും വഴിയേ തൻവിയും സംഗീതലോകത്ത് ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. വീണ ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള തൻവിറാം നല്ലൊരു നർത്തകി കൂടിയാണ്.