
ആലപ്പുഴ: കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നാളുകളെ വിസ്മൃതിയിലേക്ക് തള്ളി, കേരളത്തിന്റെ സ്വന്തം കയർ വ്യവസായം പുരോഗതിയുടെ പടവുകളിൽ മുന്നേറുന്നു. രാജ്യാന്തര നിലവാരത്തിലുള്ള പശ്ചാത്തലസൗകര്യം ഒരുക്കിയതും സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന പുത്തൻ ആശയങ്ങൾ (ഇന്നൊവേഷൻ) അവതരിപ്പിച്ചുമാണ് ഈ സർക്കാരിന്റെ കീഴിൽ ഈ അഭിമാനനേട്ടം സാദ്ധ്യമായതെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കയർഫെഡ്) പ്രസിഡന്റ് അഡ്വ.എൻ. സായികുമാർ പറഞ്ഞു.
പരമ്പരാഗത ഉത്പന്നങ്ങളെ സംരക്ഷിക്കുകയും വൈവിദ്ധ്യമായ പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ച് വിറ്റഴിക്കുകയും ചെയ്യുകയെന്ന ആശയം മികച്ച വിജയമായി. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ ഒമ്പതാമത് 'കയർ കേരള" പുരോഗമിക്കുന്നത്. 16 ആരംഭിച്ച വിർച്വൽ മേള നാളെയാണ് സമാപിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളും കയറ്റുമതിക്കാരും സംരംഭകരും സ്റ്റാളുകൾ തുറന്നു. ഉത്പന്നങ്ങൾ വാങ്ങാൻ മികച്ച കരാറുകളും ഉണ്ടായി.
വിജയമന്ത്രം ആധുനികവത്കരണം
പരമ്പരാഗത മേഖലയെ സംരക്ഷിച്ചുള്ള ആധുനികവത്കരണമെന്ന ഇടതുസർക്കാരിന്റെയും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെയും ആശയമാണ് കയർ മേഖലയ്ക്ക് പുത്തനുണർവ് നൽകിയത്. 126 സഹകരണ സംഘങ്ങളിലായി ഈ സർക്കാർ 1,257 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു. 25 ചകിരി മില്ലുകൾ കൂടി വൈകാതെ സ്ഥാപിക്കും.
ഉത്പന്ന നിർമ്മാണമേഖലയിലും ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിക്കുന്നു. കയർഫെഡിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ കൊക്കോ ലോഗ്, മൾച്ചിംഗ് മാറ്റ്, പ്രകൃതിസൗഹൃദ പൂന്തോട്ട സാമഗ്രികൾ എന്നിവയ്ക്ക് വൻ പ്രിയമുണ്ട്.
സംഭരണത്തിലും
വില്പനയിലും മുന്നേറ്റം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷ കയർ ഉത്പാദനം 68,300 ക്വിന്റലായിരുന്നു. കഴിഞ്ഞവർഷം സംഭരണം രണ്ടുലക്ഷം ക്വിന്റലാണ്. ഈവർഷം മൂന്നുലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപ്പുവർഷം ഡിസംബർ വരെ മാത്രം സംഭരണം 113 ശതമാനവും വിപണനം 127 ശതമാനവും ഉയർന്നു.
വിറ്റുവരവിൽ കുതിപ്പ്
കയർ കോർപ്പറേഷന്റെ ആകെ സംഭരണം 80 കോടിയിൽ നിന്ന് 200 കോടി രൂപയിലേക്ക് ഉയരുകയാണ്. കയർഫെഡിന്റെ ആകെ വിറ്റുവരവ് ശരാശരി 55 കോടിയിൽ നിന്ന് 200 കോടിയിലേക്കും കുതിക്കുന്നു. നടപ്പുവർഷം ഡിസംബർ വരെ മാത്രം വർദ്ധന 120 ശതമാനം.
''പെൻഷൻ തുക 1,600 രൂപയായി വർദ്ധിപ്പിച്ചു. അത് മുടക്കമില്ലാതെ നൽകുന്നു. കയർ മേഖലയിലെ പ്ളാൻ ഫണ്ട് വിനിയോഗം ഈ സർക്കാരിന്റെ കാലത്ത് 81.36 ശതമാനമാണ് ഉയർന്നത്. 396.34 കോടി രൂപയിൽ നിന്ന് 717.59 കോടി രൂപയായാണ് വർദ്ധന""
അഡ്വ.എൻ. സായികുമാർ,
പ്രസിഡന്റ്, കയർഫെഡ്