india-china

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പത്തു മാസം നീണ്ട സംഘർഷത്തിന് അയവു വരുത്തി,​ പാംഗോങ് തടാക പ്രദേശത്ത് ഇന്ത്യയും ചൈനയും സേനാപിന്മാറ്റം പൂർത്തിയാക്കി. ഇരുസൈന്യങ്ങളും മുഖാമുഖം നിൽക്കുന്ന മറ്റു മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പത്താംവട്ട കമാൻഡർതല ചർച്ച ഇന്ന് നടക്കും. പാംഗോങ് പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ അടുത്ത ചർച്ച തുടങ്ങണമെന്ന ധാരണപ്രകാരമാണിത്. രാവിലെ 10ന് കിഴക്കൻ ലഡാക്കിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോ സപ്ംഗൂർ ഗ്യാപ്പിലാണ് യോഗം.

14 കോർപസ് കമാൻഡർ ലെഫ്.ജനറൽ പി.ജി.കെ മേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിൽ വിദേശകാര്യമന്ത്രാലയ ഈസ്റ്റ് ഏഷ്യ ജോ.സെക്രട്ടറി നവീൻ ശ്രീവാസ്തവയുമുണ്ടാകും. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് ഷിൻജിയാംഗ് മിലിട്ടറി ജില്ലാ ചീഫ് മേജർ ജനറൽ ലിയു ലിൻ ആണ് നയിക്കുന്നത്.

ഗ്രോഗ്ര, ഹോട്ട് സ്‌പ്രിംഗ് എന്നിവിടങ്ങളിലെ സേനാ പിന്മാറ്റമായിരിക്കും ഇന്നത്തെ ചർച്ചയിൽ പ്രധാനമായും ഉയരുക. നേരത്തെ ഈ മേഖലകളിലുണ്ടാക്കിയ ധാരണ പൂർണമായും ചൈന നടപ്പാക്കിയിരുന്നില്ല.

നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളിലെ പെട്രോളിംഗും ചർച്ച ചെയ്യും.

അതേസമയം ഇപ്പോഴത്തെ സംഘർഷാവസ്ഥയ്ക്ക് മുമ്പേ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഡെപ്‌സാംഗ് സമതലത്തിലെ തർക്കത്തിൽ ചർച്ച ഉടനുണ്ടാകില്ലെന്നാണ് സൂചനകൾ.

ഷൈയോക് നദിക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഡെപ്‌സാംഗ് സമതലത്തിലെ ഭൂരിഭാഗവും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ചൈന അതിക്രമിച്ച് കയറാൻ 2013ലും 2017ലും നടത്തിയ ശ്രമങ്ങളാണ് ഇവിടെ സംഘർഷാവസ്ഥയുണ്ടാക്കിയത്.

ജനുവരി 24ന് നടന്ന ഒമ്പതാംവട്ട കമാൻഡർതല ചർച്ചയിലുണ്ടാക്കിയ ധാരണപ്രകാരം ഫെബ്രുവരി 10നാണ് പാംഗോങിൽ പിന്മാറ്റം തുടങ്ങിയത്.

പാംഗോങ് തടാകത്തിന്റെ വടക്കൻ തീരങ്ങളിൽ നിന്നും തെക്കൻ തീരത്തെ കൈലാഷ് മലനിരകളിൽ നിന്നുമാണ് ഇരുസൈന്യങ്ങളും പരമ്പരാഗത ബേസുകളിലേക്ക് മാറിയത്.