
ബെംഗളൂരു: കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം രവി പൂജാരി റിമാൻഡിൽ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെടിവെപ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ബെംഗളൂരു സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു. അഞ്ച് ദിവസം ജയിൽ അധികൃതരുടെ സാനിധ്യത്തിൽ ചോദ്യം ചെയ്യാനാണ് അനുമതി. പ്രതിയെ കൊച്ചി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് ബെംഗളൂരു കോടതിയെ സമീപിച്ചതെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. അതിനാൽ എറണാകുളം ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 2018 ഡിസംബറിലാണ് കൊച്ചിയിൽ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്.