
ന്യൂഡൽഹി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ സതീഷ് ശർമ്മയുടെ അന്ത്യകർമ്മങ്ങളിൽ സജീവപങ്കാളിയായി രാഹുൽ ഗാന്ധി.
രാഹുലിന്റെ ആദ്യകാല രാഷ്ട്രീയ ഗുരുക്കന്മാരിൽ ഒരാളും പിതാവ് രാജീവ് ഗാന്ധിയുടെ ആത്മസുഹൃത്തുമായിരുന്ന സതീഷ് ശർമയുടെ ശവമഞ്ചം തോളിലേറ്റിയാണ് രാഹുൽ ആദരവ് പ്രകടിപ്പിച്ചത്.
മുൻ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്ടൻ സതീഷ് ശർമയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ജനങ്ങൾക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ശർമയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുൽഗാന്ധിയുടെ ചിത്രങ്ങളും പാർട്ടി ട്വിറ്ററിലൂടെ പങ്കുവച്ചു.
കഴിഞ്ഞ 17ന് ഗോവയിൽ അന്തരിച്ച സതീഷ് ശർമയ്ക്ക് 73 വയസായിരുന്നു.
'ക്യാപ്ടൻ സതീഷ് ശർമയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സ്‌നേഹവും അനുശോചനവും അറിയിക്കുന്നു. ഞങ്ങൾക്ക് അദ്ദേഹം ഒരു തീരാനഷ്ടമാണ്.' - രാഹുൽ ട്വീറ്റ് ചെയ്തു.