
അഹമ്മദാബാദ് : 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താൻ വിഷാദ രോഗിയായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയുടെ വെളിപ്പെടുത്തൽ. മുൻ ഇംഗ്ലണ്ട് താരം മാർക്ക് നിക്കോളാസുമായുള്ള പോഡ്കാസ്റ്റിലാണ് (ഓൺലൈൻ ഇന്റർവ്യൂ) തനിക്ക് വിഷാദ രോഗമുണ്ടായിരുന്ന കാര്യം കൊഹ്ലി തുറന്നു പറഞ്ഞത്.
ആ ടെസ്റ്റ് പരമ്പരയ്ക്കിടെ മാനസീകമായി ഞാനേറെ തളർച്ചയിലായിരുന്നു. എനിക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ല. ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ ഞാനാണെന്ന് എനിക്ക് തോന്നി. ഇതെങ്ങനെ മറികടക്കാമെന്ന് അറിയില്ലായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത പോലെ തോന്നി. പക്ഷേ അതിനു ശേഷം ആസ്ട്രേലിയൻ പര്യടനത്തിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ കഴിഞ്ഞു. -കൊഹ്ലി പറഞ്ഞു.
അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആ പരമ്പരയിൽ 10 ഇന്നിംഗ്സുകളിൽ വെറും 13.40മായിരുന്നു കൊഹ്ലിയുടെ ബാറ്റിംഗ് ശരാശരി.1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു ഓരോ ഇന്നിംഗ്സുകളിലും കൊഹ്ലി സ്കോർ ചെയ്തത്.
റൺനേടാൻ കഴിയുന്നില്ലെന്നത് ഒട്ടും സുഖകരമായ കാര്യമല്ലെന്നും ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലെന്ന അവസ്ഥ മിക്ക താരങ്ങൾക്കും ഉണ്ടായിട്ടുണ്ടാകാമെന്നും കൊഹ്ലി പറയുന്നു. വ്യക്തിപരമായി വലിയ ഒരു സമൂഹത്തിന്റെ ഭാഗമാണെങ്കിലും നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാമെന്ന തിരച്ചറിവായിരുന്നു തനിക്ക് ഈ സംഭവമെന്നും കൊഹ്ലി ചൂണ്ടിക്കാട്ടി. വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന ഇംഗ്ലണ്ട് ടൂറിന് ശേഷം നടന്ന ആസ്ട്രേലിയൻ ടൂറിൽ ടെസ്റ്റ് പരമ്പരയിൽ 692റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തിയ കൊഹ്ലി പിന്നീട് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറ്റവും മികച്ചവനായി മാറുകയായിരുന്നു. 24ന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന പിങ്ക് ബാൾ ടെസ്റ്റിനായി അഹമ്മദാബാദിൽ ഇന്ത്യൻ ടീമിനൊപ്പമാണിപ്പോൾ കൊഹ്ലി.