
കൊച്ചി: ആഗോളതലത്തിൽ വീശിയടിച്ച കൊവിഡ് പ്രതിസന്ധിയിലും തളരാതെ കയർ കയറ്റുമതിയുടെ മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) കയറിന്റെയും കയറുത്പന്നങ്ങളുടെയും കയറ്റുമതിയിലൂടെ ലഭിച്ച വരുമാനം 1,662.43 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 300 കോടിയോളം രൂപ അധികമാണിത്. ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർദ്ധവാർഷിക നേട്ടമാണിത്.
2019-20ലെ സമാനകാലത്ത് കയറ്റുമതി 1,361.45 കോടി രൂപയായിരുന്നു. കയറ്റുമതി അളവ് 4.93 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 5.43 ലക്ഷം മെട്രിക് ടണ്ണായും വർദ്ധിച്ചു. കയറ്റുമതി മൂല്യത്തിൽ 22.1 ശതമാനവും കയറ്റുമതി അളവിൽ 10.1 ശതമാനവുമാണ് വർദ്ധനയെന്ന് കയർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കി.
ചകിരിച്ചോറ് ജോറാണ്
കയറ്റുമതി മൂല്യത്തിൽ 835.26 കോടി രൂപയും (മൊത്തം കയറ്റുമതിയുടെ 50 ശതമാനത്തോളം) സ്വന്തമാക്കിയത് ചകിരിച്ചോറാണ്. 18 ശതമാനം വിഹിതമാണ് (ഏകദേശം 303.69 കോടി രൂപ) ചകിരിനാരിനുള്ളത്. 31 ശതമാനമാണ് മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെ പങ്ക്. ഇതിൽ, മൂല്യത്തിൽ 20 ശതമാനവും ടഫ്‌റ്റഡ് മാറ്റ്‌സാണ്.
97 രാജ്യങ്ങൾ
ഇന്ത്യയിൽ നിന്ന് കയറും കയറുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് 97 രാജ്യങ്ങളാണ്. മൂല്യത്തിൽ 30 ശതമാനവുമായി അമേരിക്കയും 23 ശതമാനവുമായി ചൈനയുമാണ് മുന്നിൽ.
90%
ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിൽ നിന്നാണ്.