moonflower-cactus

ലണ്ടൻ: ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കണ്ടുവരുന്ന അപൂർവ കള്ളിമുൾച്ചെടിയായ സെലേനിസറസ് വിറ്റി എന്നു ശാസ്ത്രനാമമുള്ള മൂൺഫ്ളവർ കാക്റ്റസ് ബ്രിട്ടനിലെ കേംബ്രി‌‌‌ഡ്ജ് സർവകലാശാലയുടെ ബൊട്ടാണിക്കൽ ഗാർ‌‌ഡനിൽ പൂവിടുന്നു. പ്രശസ്ത പോപ് താരം റിഹാന പുറത്തിറക്കിയ പെർഫ്യൂമായ ‘റിറി’യുടെ അതേ സുഗന്ധമായിരിക്കും ഈ പൂവ് വിരിയുന്ന വേളയിലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, 12 മണിക്കൂർ മാത്രമേ സുഗന്ധത്തിന് ആയുസ്സുണ്ടാകുകയുള്ളൂ, അതിനു മാംസം അഴുകുന്നതിന് സമാനമായ ദുർഗന്ധമായിരിക്കും അനുഭവപ്പെടുക. പിന്നീട്, പൂവ് കൊഴിഞ്ഞുവീഴും.

സാധാരണ കള്ളിമുൾച്ചെടികൾ ഉഷ്ണഭൂമികളിലും മരുഭൂമികളിലും വളരുമ്പോൾ മൂൺഫ്ളവർ വളരുന്നത് ആമസോൺ നദിക്കരയിൽ എപ്പോഴും ജലസാന്നിദ്ധ്യമുള്ള മേഖലകളിലാണ്. മരങ്ങളിലേക്ക് തങ്ങളുടെ ഇലകൾ ഉപയോഗിച്ച് പടർന്നു കയറിയാണ് ഇവയുടെ വളർച്ച. പെട്ടെന്നു പൂക്കുകയും അതുപോലെ കൊഴിയുകയും ചെയ്യും ഈ കള്ളിമുൾച്ചെടിയുടെ പൂക്കൾ. വെളുത്ത നിറമാണ് പൂവുകൾക്ക്. രാത്രിയിലാണ്ഇവ പൂക്കുന്നത്. പിറ്റേന്നു സൂര്യനുദിക്കുമ്പോഴേക്കും പൂവ് നശിക്കും.

നീണ്ട തണ്ടുള്ള പൂക്കളായതിനാൽ ഇവയിൽ പരാഗണം നടത്തുന്നത് കോക്റ്റിയസ് ക്രുവന്റസ്, വാൽക്കേരി മോത്ത് എന്നീ കീടങ്ങളാണ്. ഇവ രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങുന്നത്. അതിനാൽ പൂവും രാത്രി വിരിയുന്നു. എന്നാൽ മേൽപ്പറഞ്ഞ കീടങ്ങളൊന്നും ബ്രിട്ടനില്ല. ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്രിമമായി പരാഗണം നടത്താനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. ഇതിനു ശേഷം ചെടിയിൽ വിത്തുകൾ രൂപപ്പെടുകയും അവ കൊഴിയുകയും ചെയ്യും. ഇവ ശേഖരിച്ച് മറ്റ് ബൊട്ടാണിക്കൽ ഗാർഡനുകൾക്ക് നൽകും. 2015ൽ ജർമനിയിലെ ബോൺ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണു കള്ളിമുൾച്ചെടിയെ ബ്രിട്ടനിലെത്തിച്ചത്. ജനങ്ങൾക്ക് കാണാനായി പൂ വിരിയുന്നതിന്റെ ലൈവ് സ്ട്രീം ഗവേഷകർ ഒരിക്കിയിട്ടുണ്ട്.