
സിഡ്നി: ആസ്ട്രേലിയയിൽ ഫേസ്ബുക്ക് വഴി വാർത്തകൾ പങ്കിടുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ആസ്ട്രേലിയയും ഫേസ്ബുക്ക് അധികൃതരും ചർച്ചകൾ നടത്തി. ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളും ഫേസ്ബുക്കുമടക്കമുള്ള കമ്പനികൾ രാജ്യത്തെ മാദ്ധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന നിയമത്തിൽ നിന്ന് പിന്മാറില്ലെന്ന് അധികൃതർ ഫേസ്ബുക്കിനെ അറിയിച്ചു.
ഇതുസംബന്ധിച്ച് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗുമായി ചർച്ച നടത്തിയെന്നും ചർച്ചകൾ തുടരുമെന്നും ട്രഷറർ ജോഷ് ഫ്രൈഡെൻബെർഗ് അറിയിച്ചു. ഭീഷണിപ്പെടുത്തുന്ന നീക്കത്തിൽ നിന്ന് ഫേസ്ബുക്ക് എത്രയും വേഗം പിന്മാറണമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സർക്കാർ കൊണ്ടുവന്ന നിയമം ലോകനേതാക്കൾ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ഇതുസംബന്ധിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധിസഭ പാസാക്കിയ ബില്ല് സെനറ്റുകൂടി അംഗീകരിച്ചാൽ നിയമമാകും. ആസ്ട്രേലിയയിൽ പ്രതിഫലം സംബന്ധിച്ച നിയമം നടപ്പാക്കിയാൽ മറ്റു രാജ്യങ്ങളും അതേറ്റുപിടിച്ചേക്കുമെന്നാണ് ഫേസ്ബക്കിന്റെ ഭയം.