helping-hand

എഡിൻബർഗ്: മഞ്ഞുമൂടി കിടക്കുന്ന ഒരു കയറ്റം കയറാൻ ബുദ്ധിമുട്ടുകയായിരുന്നു ഗ്രഹാംസ് ഡയറി പ്രൊഡക്ടിസിന്റെ ടാങ്കർ ലോറി. സംഭവം കണ്ട് വന്ന ചാർലിൻ ലെസ്ലി എന്ന യുവതി ടാങ്കർ ലോറി പിന്നിൽ നിന്നും തള്ളിക്കൊടുത്തു.സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ചാർലിൻ തന്റെ മൂന്ന് മക്കളോടൊപ്പം കടയിലേക്ക് പോകുന്നതിനിടെയാണ് പാല്‍ നിറച്ച ടാങ്കർ കയറ്റം കയറാൻ ബുദ്ധിമുട്ടുന്നത് കാണുന്നത്.

ഉടൻ തന്നെ ലോറിക്ക് പിന്നിലെത്തിയ ചാർലിൻ വാഹനം തള്ളി കയറ്റാൻ സഹായിക്കുകയായിരുന്നു.

മഞ്ഞുമൂടിയ വഴിയായതിനാൽ ടാങ്കർ പിന്നിലേക്ക് ഉരുണ്ട് അപകടം സംഭവിക്കാൻ ഏറെ സാദ്ധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ, ആ സമയത്ത് താൻ അതൊന്നും ചിന്തിച്ചില്ലെന്നാണ് ചാർലിന്റെ മറുപടി. അതേസമയത്തുതന്നെ മഞ്ഞിൽ പുതഞ്ഞ ഒരു കാർ തള്ളി കയറ്റാൻ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, തൊട്ടു പിന്നിൽ വന്ന ലോറിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. ചാർലിന് നന്ദി അറിയിച്ചുകൊണ്ട് ലോറിയുടെ ഉടമസ്ഥരായ ഗ്രഹാംസ് ഡയറി പ്രൊഡകട്സ് രംഗത്തെത്തിയിട്ടുണ്ട്. ചാർലിന്റെ നല്ല മനസ്സിന് നന്ദിസൂചകമായി ഒരു വർഷത്തേക്ക് ഗ്രഹാംസ് ഡയറി പ്രൊഡക്ടിസിന്റെ പാലുൽപ്പന്നങ്ങൾ സൗജന്യമായി നൽകും.