unnao

ലക്‌നൗ: ഉന്നാവോയിൽ പെൺകുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാൻ ആറ് പൊലീസ് സംഘങ്ങൾ രൂപീകരിച്ചെന്നും കേസന്വേഷണത്തിൽ ഉടൻ വഴിത്തിരിവുണ്ടാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൃതശരീരത്തിൽ പരിക്കേറ്റ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൊലപാതകം, ദുരഭിമാനക്കൊലയുൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉന്നാവോയിലെ ബാബുഹാര ഗ്രാമത്തിലെ വയലിൽ കണ്ടെത്തിയ 16,15,14 വയസുള്ള മൂന്നു പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചനിലയിലായിരുന്നു. ഒരാൾ അബോധാവസ്ഥയിലും. കന്നുകാലികളെ മേയ്ക്കാൻ വയലിൽ പോയതായിരുന്നു മൂവരും. വിഷം ഉള്ളിൽച്ചെന്നാണ് പെൺകുട്ടികളുടെ മരണമെന്നായിരുന്നു കാൺപൂർ ആശുപത്രി അധികൃതരുടെ വിശദീകരണം. രണ്ട് പെൺകുട്ടികളുടേയും മൃതദേഹം പെൺകുട്ടികളുടെ ബന്ധുക്കളുടെ അനുമതിയോടെ സംസ്കരിച്ചു. സംഭവത്തെത്തുടർന്ന് രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.

യു.പിയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തി. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംഭവത്തെ അപലപിച്ചു. ഉത്തർപ്രദേശ് മനുഷ്യാവകാശ കമ്മിഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ യു.പി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി.