
ന്യൂയോർക്ക്: ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിന്റെ നിരീക്ഷണം വിവാദത്തിൽ. തന്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. സമ്പന്ന രാജ്യങ്ങൾ 100 ശതമാനം സിന്തറ്റിക് മാംസം മാത്രമേ കഴിക്കാവൂ എന്നാണ് 'ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം: നമുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നത്. ഈ പുസ്തകത്തിലെ പല കാര്യങ്ങളും ട്വിറ്ററിൽ ഇതിനോടകം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങൾ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബിൽഗേറ്റ്സ് പുസ്തകത്തിൽ പറയുന്നത്.
എന്നാൽ സംഭവം വിവാദമായതോടെ ഒരു വിഭാഗം സമൂഹിക മാദ്ധ്യമങ്ങളിലൂടെ ബിൽഗേറ്റ്സിനെതിരെ പ്രചാരണം ആരംഭിച്ച്കഴിഞ്ഞു. ബിൽഗേറ്റ്സിന്റെ ചില ആശയങ്ങൾ വലിയ മണ്ടത്തരം എന്ന രീതിയിലാണ് ചിലർ ഇതിനെതിരെ പ്രതികരിച്ചത്. ബിൽഗേറ്റ്സ് വന്ന് വെറും കാർട്ടൂൺ കഥാപാത്രമായി എന്ന രീതിയിൽ പോലും ട്വീറ്റുകൾ വന്നു.
Bill Gates is a cartoon character. He’s a synthetic meat head.
— Theo Fleury (@TheoFleury14) February 17, 2021
നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയ ബിൽഗേറ്റ്സിനെതിരെ വലിയരീതിയിലുളള കുപ്രചാരണം ട്വിറ്ററിൽ നടന്നിരുന്നു. ചൈനയിൽ വൈറസ് ഉണ്ടായെന്ന് പറയുന്ന ലാബിന് അടക്കം ബിൽഗേറ്റ്സ് സാമ്പത്തിക സഹായം നൽകുന്നു എന്ന രീതിയിലായിരുന്നു കുപ്രചരണം.