
തിരുവനന്തപുരം : തലസ്ഥാനത്ത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടതിന് പിന്നാലെയാണ് പിണറായി വിജയൻ ഗവർണറെ കണ്ടത്.
തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ ഗവർണർ തയ്യാറായെന്നാണ് ഉദ്യോഗാർത്ഥികൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സർക്കാരിനോട് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റും ഇന്ന് നിർദ്ദേശിച്ചിരുന്നു.
മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടൻ ചർച്ച നടത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. നാളെത്തന്നെ ചർച്ച നടക്കാനും സാദ്ധ്യതയുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാനാണ് സാധ്യത.