
തിരുവനന്തപുരം: സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ. അരമനകളിൽ രാഷ്ട്രീയക്കാരെയും സ്ഥാനാർഥികളെയും പ്രവേശിപ്പിക്കില്ല. സഭ ചിലരുടെ വോട്ടുബാങ്കാണെന്ന തോന്നൽ അവസാനിപ്പിക്കുമെന്നും സർക്കാരിൽ ഇനി വിശ്വാസമില്ലെന്നും യാക്കോബായ സഭ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച സഭ, ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചതായി കുറ്റപ്പെടുത്തി. ഈ വേദന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എൽ.ഡി.എഫ്. സർക്കാർ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സഭാ നേതാക്കൾ പറഞ്ഞു.
സഭാതർക്ക നിയമനിർമാണത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നിയമനിർമാണത്തിൽ നിന്ന് പിന്നോട്ടുപോയതിൽ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. ചർച്ചയ്ക്കു വിളിക്കാൻ പോലും സർക്കാർ തയാറായില്ല. വിശ്വാസികളുടെ മനസിൽ മുറിവുണ്ടായി. സർക്കാരിൽ ഇനി വിശ്വാസമില്ല. അവഗണിച്ചതിൽ കടുത്ത ശക്തമായ പ്രതിഷേധമുണ്ടെന്നും രാഷ്ട്രീയനിലപാടുകൾ എടുക്കേണ്ടി വരുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മുന്നറിയിപ്പ് നൽകി.