mani-c-kappan

തിരുവനന്തപുരം: ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കാൻ പാലാസീറ്റ് കൈവിട്ടുകളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയതായി മാണി സി കാപ്പൻ എം.എൽ.എ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം എല്ലാവർക്കും അറിയാമായിരുന്നു. താൻ പുറത്ത് പോകണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെന്നും കാപ്പൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. കുട്ടനാട് കൊടുക്കാൻ താൻ പറഞ്ഞെങ്കിലും പാലാ വേണമെന്നായിരുന്നു ആവശ്യം. അഞ്ച് വട്ടം എം.എൽ.എയും ഒരുവട്ടം മന്ത്രിയുമായില്ലെ, താൻ എലത്തൂരിൽ മത്സരിക്കാമെന്ന് പറഞ്ഞു. അതിന് അദ്ദേഹം തയ്യാറല്ലായിരുന്നില്ലെന്നും കാപ്പൻ വ്യക്തമാക്കി. എ.കെ ശശീന്ദ്രന്റെ മണ്ഡലമാണ് എലത്തൂർ.

പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം എല്ലാവർക്കും അറിയാമായിരുന്നു. പാലാസീറ്റ് പോയിക്കിട്ടിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. തുടർഭരണം കിട്ടിയാൽ താൻ ഇല്ലെങ്കിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തേക്ക് എതിർപ്പില്ലല്ലൊ. ആ രീതിയിലാണ് കണക്കുകൂട്ടിയത്. ഇക്കാര്യ ശരത് പവാറടക്കമുളളവരെ താൻ ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.

കാപ്പൻ പുറത്ത് പോകണമെന്ന് ആഗ്രഹം ശശീന്ദ്രനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എൻ.സി.പിയുടെ വൈസ്പ്രസിഡന്റായിരുന്ന ഭൂപേഷ് ബാബുവിനോട് കാപ്പന്റെ ഭാവിക്ക് യു.ഡി.എഫിലോട്ട് പോകുന്നതാണ് നല്ലതെന്ന് പറയാൻ പറഞ്ഞു. ഇതിൽ നിന്നും അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാണെന്നും കാപ്പൻ പ്രതികരിച്ചു.