
സിറ്റ്സിപാസിനെ കീഴടക്കി മെദ്വദേവ് ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ
മെൽബൺ: യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ വെല്ലുവിളി മറികടന്ന് റഷ്യൻ താരം ഡാനീൽ മെദ്വെദേവ് ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 6-4, 6-2, 7-5 നായിരുന്നു മെദ്വെദേവ് സിറ്റ്സിപാസിനെ കീഴടക്കിയത്. 
നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് നടക്കുന്ന ഫൈനലിൽ ലോക ഒന്നാംനമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചാണ് മെദ്വെദേവിന്റെ എതിരാളി. മുഖാമുഖം വന്ന മത്സരങ്ങളിൽ കൂടുതൽ വിജയം നേടിയത് മെദ്വെദേവാണെങ്കിലും പ്രിയപ്പെട്ട കോർട്ടിൽ ജോക്കോയെ വീഴ്ത്തുക അത്രയെളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. 
റോഡ് ലെവർ അരീനയിൽ ഏഴായിരത്തോളം കാണികൾ സാക്ഷിയായെത്തിയ സെമി പോരാട്ടത്തിൽ തികച്ചും ഏകപക്ഷീയമായാണ് മെദ്വെദേവ് ഗ്രീസ് താരത്തെ കീഴടക്കിയത്. തുടർച്ചയായി മെദ്വെദേവിന്റെ ഇരുപതാം ജയമാണിത്. സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലിനെ വീഴ്ത്തി സെമിയിലെത്തിയ അഞ്ചാം റാങ്കുകാരൻ സിറ്റ്സിപാസിന് പക്ഷേ മെദ്വെദേവിനെതിരെ ആ മികവ് പുറത്തെടുക്കാനായില്ല.
 
ഒസാക്ക - ബ്രാഡി ഫൈനൽ
ഇന്ന് നടക്കുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ജാപ്പനീസ് താരം നവോമി ഒസാക്കയും അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയും തമ്മിൽ ഏറ്റുമുട്ടും. റെക്കാഡ് ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്യംസിനെ 6–3, 6–4നാണ് 3–ാം സീഡ് ഇരുപത്തിമൂന്നുകാരി ഒസാക്ക മറികടന്നത്. 
ആദ്യ സെറ്റിൽ 2–0നു മുന്നിലെത്തിയ സെറീന പക്ഷേ, തുടരെ 5 ഗെയിമുകൾ വഴങ്ങി സെറ്റ് കൈവിട്ടു. 2–ാം സെറ്റിൽ 4 വീതം ഗെയിമുകളുമായി ഇരുവരും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും സെറീനയുടെ പിഴവുകൾ ഒസാക മുതലെടുക്കുകയായിരുന്നു. മത്സരശേഷം പത്രസമ്മേളനം പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ടാണു സെറീന തിരിച്ചു പോയത്.
3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ 6–4, 3–6, 6–4ന് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ മറികടന്നാണ് ജെനിഫർ ബ്രാഡി ഫൈനലിൽ എത്തിയത്.