gold

കൊച്ചി: സ്വർണാഭരണ പ്രിയർക്ക് ആശ്വാസം പകർന്ന് വില ഏതാനും നാളുകളായി വൻതോതിൽ താഴുന്നു. കേരളത്തിൽ പവന് ഇന്നലെ 320 രൂപ കുറഞ്ഞ് വില 34,400 രൂപയായി. 40 രൂപ താഴ്‌ന്ന് 4,300 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവന് കുറഞ്ഞത് 2,400 രൂപയാണ്; ഗ്രാമിന് 300 രൂപയും.

കഴിഞ്ഞ ആഗസ്‌റ്റിൽ പവൻ വില സർവകാല റെക്കാഡായ 42,000 രൂപയിലും ഗ്രാം വില 5,250 രൂപയിലും എത്തിയിരുന്നു. അതിനുശേഷം താഴേക്കിറങ്ങിയ വിലയിൽ പവന് ഇതുവരെ കുറഞ്ഞത് 7,600 രൂപ. ഗ്രാമിന് 950 രൂപയും കുറഞ്ഞു. ഓഹരി, കടപ്പത്രം തുടങ്ങിയ മുൻനിര നിക്ഷേപ മാ‌ർഗങ്ങൾ ഇടിഞ്ഞപ്പോൾ കിട്ടിയ 'സുരക്ഷിത നിക്ഷേപം" എന്ന പെരുമയാണ് കൊവിഡ് കാലത്ത് സ്വർണവിലക്കുതിപ്പ് സൃഷ്‌ടിച്ചത്. എന്നാൽ, പിന്നീട് ഓഹരികളും കടപ്പത്രവും റെക്കാഡ് മുന്നേറ്റം നടത്തിയതോടെ സ്വർണവില താഴേക്ക് ഇറങ്ങി.

ആഗസ്‌റ്റിൽ ഔൺസിന് 2,000 ഡോളറിനുമേൽ കുതിച്ച രാജ്യാന്തരവില ഇപ്പോഴുള്ളത് 1,784 ഡോളറിലാണ്. കടപ്പത്രങ്ങളുടെ യീൽഡ് (റിട്ടേൺ) കൂടുന്നതാണ് സ്വർണത്തിന് ഇപ്പോൾ പ്രധാന തിരിച്ചടി. വരും ദിവസങ്ങളിലും വില താഴാനിടയുണ്ട്. എന്നാൽ, ഇതു താത്കാലികമാണെന്നും വൈകാതെ സ്വർണവില വീണ്ടും നേട്ടത്തിലേറുമെന്നും ഈ രംഗത്തുള്ളവർ പ്രവചിക്കുന്നു.