
കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഇന്ത്യൻ ആരോസിനെ തകർത്തു. എമിൽ ബെന്നി, ഡെന്നി അന്റ്വി, ലാൽറോംമാവിയ, റൊണാൾഡ് സിംഗ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ പോയിന്റ് ടേബിളിൽ നാലാമതെത്താനും ഗോകുലത്തിനായി.
ഐലീഗിൽ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ ആരോസ് വലയിൽ നിക്ഷേപിച്ച് ഗോകുലം ഗംഭീര ജയം നേടിയത്. രണ്ടാം പകുതിയിൽ ആദ്യം മുതൽ ആക്രമിച്ച് കളിച്ച് ഗോകുലം 47-ാം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ മുന്നിലെത്തി. തൊട്ടു പിന്നാലെ ലഭിച്ച പെനാൽറ്റി ഗോളാക്കി ആന്റ്വി ഗോകുലത്തിന്റെ ലീഡ് രണ്ടായി ഉയർത്തി. 78ാംമിനിറ്റിലായിരുന്നു ലാൽറോംമാവിയയുടെ ഗോൾ.
ഒടുവിൽ ഇഞ്ചുറി സമയത്ത് തൊണ്ണൂറ്റിയഞ്ചാം മിനിട്ടിൽ റൊണാൾഡ് ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.