
വയനാട്: മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന തന്റെ സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് സംവിധായകൻ അലി അക്ബർ. സിനിമയുടെ ചിത്രീകരണം വയനാട്ടിൽ വെച്ച് നടക്കുമെന്നും താരങ്ങളും ചിത്രത്തിന്റെ ക്രൂവും അവിടെയെത്തിയതായും അലി അക്ബർ ഫേസ്ബുക്ക് ലൈവിൽ അറിയിച്ചു.
നാളെ കാലത്ത് എട്ട് മണിക്കാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കഴിഞ്ഞ ജൂൺ 26ന് വായുവിൽ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാർത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുമെന്നും അലി അക്ബർ പറഞ്ഞു. വയനാട്ടിലെ ആദ്യ ഷെഡ്യൂൾ 30 ദിവസം നീണ്ടുനിൽക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നൻ' എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ നിർമാണം നിർവഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മമധർമ്മക്ക് ഒരു കോടി രൂപയോളമാണ് ഇതുവരെ സിനിമാ നിർമാണത്തിനായി ലഭിച്ചത്.