
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും, പൊലീസ് ആരോപണത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നുമാണ് ദിഷയുടെ വാദം.
അന്വേഷണത്തോട് സഹകരിക്കാമെന്നും, ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ദിഷയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
കാർഷിക പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റ് രൂപകൽപന ചെയ്തതിനാണ് ദിഷയെ അറസ്റ്റ് ചെയ്തത്.ദിഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്.