ganesh-kumar

കൊല്ലം: കേരള കോൺഗ്രസ് ബി എം എൽ എ കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബന്ധുവും കോൺഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേശ് കുമാർ ആരോടും ആത്മാർത്ഥതയില്ലാത്തയാളാണെന്നാണ് ശരണ്യ മനോജിന്റെ വിമർശനം. ഗണേഷ്‌കുമാർ എം എൽ എ ആയതുമുതലുളള സംഭവവികാസങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ നിർലോഭമായ സഹായം കൊണ്ടാണ് പത്തനാപുരത്ത് വികസനം കൊണ്ടുവരാൻ പറ്റിയത്. പത്തനാപുരം ടൗണിൽ കെട്ടിടങ്ങൾ ഉണ്ടാക്കി എന്നല്ലാതെ എന്ത് വികസനപ്രവർത്തനമാണ് ഈ എം എൽ എ നടത്തിയിട്ടുളളതെന്ന് പറയണമെന്നും ശരണ്യ മനോജ് പറയുന്നു. ഗണേശ് കുമാർ എം എൽ എയായി തുടർന്ന കഴിഞ്ഞ ഇരുപത് വർഷത്തിൽ യു ഡി എഫിനൊപ്പം നിന്ന 15 വർഷം മാത്രമാണ് വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചത്. എന്നിട്ട് അദ്ദേഹം ഇടതുപക്ഷ പാളയത്തിൽ പോയി. ആരോടും ആത്മാർത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാർത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാർത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തളളിപറഞ്ഞയാളാണ് ഗണേഷ് കുമാറെന്ന് ശരണ്യ മനോജ് ആരോപിച്ചു.

വന്ദ്യവയോധികനായ ബാലകൃഷ്‌ണപിളളയോട് തനിക്ക് ബഹുമാനവും സ്‌നേഹവുമുണ്ട്, അദ്ദേഹത്തിന്റെ ശിഷ്യനാണ്. അദ്ദേഹമാണ് രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. തന്റെ പിതാവല്ല ആർ ബാലകൃഷ്‌ണപിളളയെന്ന് പരസ്യമായി പറഞ്ഞവനാണ് പത്തനാപുരത്തെ എം എൽ എ. ഉമ്മൻ ചാണ്ടിയെ പിതൃതുല്യം സ്‌നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് മന്ത്രി സ്ഥാനം പോയതിന്റെ പിറ്റേന്ന് ഉമ്മൻ ചാണ്ടി സാറിനെ തെറിവിളിച്ചയാളാണ് ഗണേശെന്നും ശരണ്യ മനോജ് പറഞ്ഞു.

ആർ ബാലകൃഷ്‌ണപിളള സാർ അഴിമതിക്കാരനെന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും ആരോപണം ഉന്നയിച്ചില്ലെങ്കിലും സ്വന്തം മകൻ പറഞ്ഞു. പിതാവ് അഴിമതി നടത്തുന്നതിന് തന്നെ പ്രേരിപ്പിക്കുന്നുവെന്നാണ് ഗണേശ് പറഞ്ഞത്. പിതാവ് അഴിമതിക്കാരനാണെന്ന് ആദ്യം പറഞ്ഞത് കെ ബി ഗണേശ് കുമാറാണ്. ആർ ബാലകൃഷ്‌ണപിളളയെ സ്‌നേഹിക്കുന്ന ഒരാളെങ്കിലും പത്തനാപുരത്ത് ഉണ്ടെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഗണേശ് കുമാറിന് കൊടുക്കുന്നതിന് വേണ്ടി ശക്തമായ പോരാട്ടം നടത്തണമെന്നും ശരണ്യ മനോജ് പറഞ്ഞു.