
തിരുവനന്തപുരം: ജലവിഭവ വകുപ്പുമന്ത്രിയോ ജലവിതരണത്തിന്റെ ചുമതലയുളള വാട്ടർ അതോറിട്ടിയുടെ അധിപനോ അറിയാതെ വെളളക്കരം കൂട്ടിയിറക്കിയ സർക്കാർ ഉത്തരവ് സാധാരണക്കാരന് ഇരുട്ടടിയായി. ഇന്ധനവില വർദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാരണം പൊറുതിമുട്ടുന്ന പൊതുജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് വെളളക്കരത്തിലുണ്ടായ വർദ്ധനവ്. ജലവിഭവ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, വെളളക്കരം ഉടനടി കൂട്ടുകയില്ലെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. കേന്ദ്ര വായ്‌പയ്‌ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് പരക്കെയുളള സംസാരം. വികസന പ്രവർത്തനങ്ങൾക്കും മറ്റുമായി സംസ്ഥാന സർക്കാരിന് കൂടുതൽ പണം കണ്ടെത്താൻ വായ്‌പ എടുത്താലേ പറ്റൂ. നിലവിലുളള പരിധി കടന്നും വായ്‌പ എടുക്കണമെങ്കിൽ അതിന് ആനുപാതികമായി കൂടുതൽ വരുമാനമുണ്ടാക്കാനുളള നടപടികളും വേണ്ടിവരും. കേന്ദ്രത്തെയും റിസർവ് ബാങ്കിനെയും ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയാലേ വായ്‌പാ പരിധി ഉയർത്തി നിശ്ചയിക്കുകയുളളൂ. വെള്ളക്കരം വർദ്ധന മാത്രമല്ല ഒട്ടേറെ മേഖലകളിൽ നികുതികളും കൂട്ടേണ്ടിവരും.
കെട്ടിട നികുതിയിൽ വരുത്താൻ പോകുന്ന വൻ വർദ്ധനയും ഇതിന്റെ ഭാഗമാണ്. ഇതുവരെ കെട്ടിടത്തിന്റെ വിസ്തൃതിയും സൗകര്യങ്ങളും മാത്രമാണ് നികുതി നിർണയത്തിന് മാനദണ്ഡമാക്കിയിരുന്നതെങ്കിൽ ഇനി കെട്ടിടം നിൽക്കുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിച്ചിട്ടുളള ന്യായവില അടിസ്ഥാനപ്പെടുത്തിയാകും നികുതി നിർണയം. റേഷൻ, വൈദ്യുതി വിതരണം, സബ്‌സിഡികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പരിഷ്കാര നടപടികൾക്ക് കേന്ദ്ര നിർദ്ദേശമുണ്ട്.
വെളളക്കരം ഉടനടി കൂട്ടുകയില്ലെന്ന് വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നുണ്ടെങ്കിലും അതു ഒട്ടുംതന്നെ വൈകില്ലെന്ന സൂചനയാണ് ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിയ ഉത്തരവിലുളളത്. സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നുമുതൽ വർദ്ധന പ്രാബല്യത്തിലാകുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ നടുവിൽ നിൽക്കുന്നതുകൊണ്ടാണ് മന്ത്രി തൊട്ടും തൊടാതെയും സംസാരിക്കുന്നത്.
വെളളക്കരം ഓരോ വർഷവും അഞ്ചു ശതമാനം വർദ്ധിപ്പിക്കാനുളള നിർദ്ദേശമാണ് ഉത്തരവിലുളളത്. സംസ്ഥാന സർക്കാരിന് 18,000-ത്തിൽപ്പരം കോടി രൂപ കൂടി കടമെടുക്കാനുളള സാഹചര്യം സൃഷ്ടിക്കാൻ വേണ്ടിയാണ് നികുതിയും വെളളക്കരവുമൊക്കെ കൂട്ടാൻ പോകുന്നത്. വിഭവ സമാഹരണത്തിന് പരിമിതികളുളളതുകൊണ്ടാണ് കൂടുതൽ കടം കൊളളേണ്ട അവസ്ഥയുണ്ടാകുന്നത്. കൊവിഡ് സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ടി കൂടിയാണ് ഉപാധികൾ വച്ചുകൊണ്ട് അധിക വായ്പ എടുക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുന്നത്. ഇതിനു മുന്നോട്ടു വച്ച വ്യവസ്ഥകളിൽ പലതും സംസ്ഥാനം നടപ്പാക്കിക്കഴിഞ്ഞു.
റേഷൻ സംവിധാനം കുറ്റമറ്റ നിലയിലാക്കാൻ നേരത്തെ തന്നെ സാധിച്ചിരുന്നു. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉദാരമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിൽ നിർദ്ദേശിക്കപ്പെട്ട പരിഷ്കാരങ്ങൾ പലതും നടപ്പാക്കാനിരിക്കുകയാണ്. ഇതിനൊക്കെ പുറമേയാണ് വെള്ളക്കരവും വസ്തു നികുതിയും കൂട്ടാനുള്ള നടപടികൾ. നികുതി വർദ്ധന നടപ്പാക്കിയാൽ ലഭിക്കുന്ന അധിക വരുമാനത്തേക്കാൾ ഇരട്ടിയിലധികം കുടിശിക പിരിവ് കാര്യക്ഷമമാക്കിയാൽ ലഭിക്കും. എന്നാൽ ഇതിന് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലയെന്നതാണ് യാഥാർത്ഥ്യം.